Monday, December 22, 2008

വായിനോട്ടം

എട്ടു പ്ളാറ്റ് ഫോം ഉള്ള വിശാലമായ മാവേലിക്കര പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്. രണ്ടു കോളേജിനും, നാല് ഹൈസ്കൂളിനും കൂടി ആകെ ഉള്ള ഒരു കോര്‍പറേഷന്‍ ബസ്സ് സ്റ്റാന്റ്. ഇഞ്ചി മിഠായി വില്പനക്കാരുടെയും, കപ്പലണ്ടി കച്ചവടക്കാരുടെയും, പിന്നെ പലതരക്കാരുടെയും സംഗമ സ്ഥലം . കോളേജ് വിട്ടു കഴിഞ്ഞാല്‍ സ്റ്റാന്‍ഡില്‍ വരുന്ന എല്ലാ പെണ്‍കുട്ടികളും ബസ്സ് പിടിച്ചു സുരക്ഷിതമായി വീട്ടില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞാനും എന്റെ സുഹൃത്ത് വിശാലും കോളേജ് കഴിഞ്ഞു വീട്ടില്‍ പോയിരുന്നുള്ളൂ, പക്ഷെ അസൂയാലുക്കള്‍ അതിനെ വായിനോട്ടം എന്നും വിശേഷിപ്പികും. വായിനോട്ടം ഒരു കലയാണോ, എങ്കില്‍ ഞങ്ങള്‍ കലാകാരന്മാരും ആണ്; അതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. കോളേജ് ജീവിതം അവസാനിച്ചപോള്‍ അങ്ങനെ ആ ഒരു കലയും നൊസ്റ്റാള്‍ജിയ ആയി മാറി.

അങ്ങനെ കോളേജ് വിദ്യ(അഭ്യാസം) കഴിഞ്ഞു ചെന്നൈയില്‍ ഒരു ചിന്ന ജോലി ഒക്കെ തരപെടുത്തി തട്ടി മുട്ടി നീങ്ങുന്ന സമയത്ത് നാട്ടില്‍ വന്നപ്പോള്‍ വിശാലിനെ വീണ്ടും ഞാന്‍ മാവേലിക്കര സ്റ്റാന്‍ഡില്‍ വച്ചു കാണാന്‍ ഇടയായി. നാളുകള്‍ക്ക് ശേഷം രണ്ടു പ്രതിഭകളുടെ സംഗമത്തിന് വീണ്ടും ആ ബസ്സ് സ്റ്റാന്റ് സാക്ഷ്യം വഹിച്ചു. നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പഴയ കുറെ ഓര്‍മ്മകള്‍ അയവിറക്കി.

-അളിയാ നിനക്കു ഇപ്പൊ എവിടെയാ ജോലി, ഞാന്‍ വിശാലിനോട് ചോദിച്ചു.
-വീടിന്റെ അടുത്ത് തന്നെ, അവന്‍ പറഞ്ഞു.
-വീടിന്റെ അടുത്തോ, ഏത് ഫീല്‍ഡ് ആണ്, എന്താ പോസ്റ്റ്. ആകാംഷയോടെ ഞാന്‍ ചോദിച്ചു.
-വായിനോട്ടം തന്നെടെ, എന്നും ഈ സ്റ്റാന്‍ഡില്‍ വരാന്‍ പറ്റിലല്ലോ, അത് കൊണ്ടു ഇപ്പൊ വായിനോട്ടം വീടിന്റെ പരിസരത്തു തന്നെ.
-നീ ഇപ്പൊ എങ്ങോട്ടാ, അവന്‍ എന്നോട് തിരക്കി
-ഞാന്‍ കായംകുളത്തിനാ.
-ഞാനും അങ്ങോട്ടാണ്. ഒരു ബസ്സ് വരുന്നു, വാ അളിയാ നമ്മുക്ക് അതില്‍ കയറാം.

ഇറങ്ങുന്നവരും കയറുന്നവരും തമ്മില്‍ ഉള്ള വലിയ ഒരു സംഘട്ടനത്തിനു ശേഷം ഞങ്ങള്‍ അതില്‍ കയറി പറ്റി. പുറത്തു നിന്നവര്‍ അവരുടെ കയ്യില്‍ ഇരുന്ന പലതരം ആയുധങ്ങള്‍ എടുത്തു ഉള്ളിലേക്ക് എറിഞ്ഞു സീറ്റ് ബുക്ക് ചെയ്തത് കാരണം ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ല. ബസ്സ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പെട്ടന്ന് വിശാലിന്റെ മുഖം ഒന്ന് തെളിയുന്നത് ഞാന്‍ കണ്ടു, അപ്പോഴാണ് ഞാന്‍ പുറത്തു ഒരു ബോര്‍ഡ് ശ്രദ്ധിച്ചത് "പ്രതിഭ പാരലല്‍ കോളേജ് ". ഞങ്ങളില്ലേ പഴയ കലാകാരന്മാര്‍ ഉണര്‍ന്നു, കണ്ണുകള്‍ ബൈനോകുലറുകള്‍ ആയി മാറി.

-അവള്‍ കൊള്ളാം അല്ലെടാ, ഒരു പെണ്‍കുട്ടിയെ കാട്ടി കൊണ്ടു അവന്‍ എന്നോട് പറഞ്ഞു.
-പോടാ, അതിലും മെച്ചം ആ നീല ചുരിദാര്‍ ആണ് , "സൗന്ദര്യബോധം ഇല്ലാത്തവന്‍ " ഞാന്‍ അവനെ കളിയാക്കി.
- ഏത് നീല, അവന്‍ എന്നോട് ചോദിച്ചു.
-ഡ്രൈവര്‍ സീറ്റിന്റെ പുറകില്‍ നില്ക്കുന്നത്, ഞാന്‍ പറഞ്ഞു. അവന്‍ ആ പെണ്‍കുട്ടിയെ പല കോണിലൂടെ നോക്കി കൊണ്ടിരുന്നു. "വായിനോക്കി" ഞാന്‍ മനസ്സില്‍ പറഞ്ഞു.
-ഞാന്‍ അവളുടെ സൗന്ദര്യത്തെ കുറിച്ചു ഒരു സെമിനാര്‍ തന്നെ അവന്റെ മുന്നില്‍ നടത്തി.

എന്റെ സാഹിത്യപരമായ വിവരണം മുഴുവന്‍ അവന്‍ കേട്ടു നിന്നതല്ലാതെ ഒരു അഭിപ്രായം പോലും
തിരിച്ചു പറഞ്ഞില്ല. "ഇത്രയും നേരം വായ തോരാതെ മറ്റുള്ള പെണ്‍കുട്ടികളെ കുറിച്ചു പറഞ്ഞു കൊണ്ടു ഇരുന്ന ഇവന്‌ ഇതു എന്ത് പറ്റി" ഞാന്‍ ചിന്തിച്ചു.

-അളിയാ നിനക്ക് എന്ത് പറ്റി. എന്താ നീ ഒന്നും മിണ്ടാത്തെ, ഞാന്‍ ചോദിച്ചു.
-ഒന്നുമില്ലട, അവന്‍ പറഞ്ഞു.
-അല്ല, എന്തോ ഉണ്ട്. എന്ത് പറ്റി നിനക്ക് പെട്ടന്ന് , ഞാന്‍ ചോദിച്ചു.

ധര്‍മസങ്കടത്തില്‍ ആയതു പോലെ അവന്‍ എന്തോ പറയാന്‍ മടിച്ചു.

-അളിയാ അത്.... അത്...
-പറയട....ഞാന്‍ പറഞ്ഞു.

ആ നീല ചുരിദാര്‍ എന്റെ പെങ്ങളാടാ .....

അവന്റെ മറുപടി കേട്ടു തുറന്നു പോയ എന്റെ വായ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി ആണ് അടച്ചത്.

വായിനോട്ടം ചിലപ്പോഴെങ്കിലും ഒരു ക്രൂരവിനോദമായി മാറും എന്ന് ഞാന്‍ അന്ന് മനസിലാക്കി.

3 comments :

  1. Anonymous said...

    ni manassilakkiyittum atil ninnum onnum ituvare padichillallo ennalochikkumbole enikku vishamam ullu...
    paranjittu karyamilla...
    .
    .
    .
    pattiyude valu pandirandu kollam kuzhalil ittalum valanje irikku enna pramanam...

  2. ഉപാസന || Upasana said...

    athe vENTaayiyurnnu maashe.
    ake care in Future.
    :-)
    Upasana

  3. ശ്രീ said...

    അവസാ‍നത്തെ വാചകത്തില്‍ എല്ലാം പറഞ്ഞിട്ടുണ്ട്.

    പുതുവത്സരാശംസകള്‍!