Monday, December 22, 2008

വായിനോട്ടം

എട്ടു പ്ളാറ്റ് ഫോം ഉള്ള വിശാലമായ മാവേലിക്കര പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്. രണ്ടു കോളേജിനും, നാല് ഹൈസ്കൂളിനും കൂടി ആകെ ഉള്ള ഒരു കോര്‍പറേഷന്‍ ബസ്സ് സ്റ്റാന്റ്. ഇഞ്ചി മിഠായി വില്പനക്കാരുടെയും, കപ്പലണ്ടി കച്ചവടക്കാരുടെയും, പിന്നെ പലതരക്കാരുടെയും സംഗമ സ്ഥലം . കോളേജ് വിട്ടു കഴിഞ്ഞാല്‍ സ്റ്റാന്‍ഡില്‍ വരുന്ന എല്ലാ പെണ്‍കുട്ടികളും ബസ്സ് പിടിച്ചു സുരക്ഷിതമായി വീട്ടില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഞാനും എന്റെ സുഹൃത്ത് വിശാലും കോളേജ് കഴിഞ്ഞു വീട്ടില്‍ പോയിരുന്നുള്ളൂ, പക്ഷെ അസൂയാലുക്കള്‍ അതിനെ വായിനോട്ടം എന്നും വിശേഷിപ്പികും. വായിനോട്ടം ഒരു കലയാണോ, എങ്കില്‍ ഞങ്ങള്‍ കലാകാരന്മാരും ആണ്; അതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. കോളേജ് ജീവിതം അവസാനിച്ചപോള്‍ അങ്ങനെ ആ ഒരു കലയും നൊസ്റ്റാള്‍ജിയ ആയി മാറി.

അങ്ങനെ കോളേജ് വിദ്യ(അഭ്യാസം) കഴിഞ്ഞു ചെന്നൈയില്‍ ഒരു ചിന്ന ജോലി ഒക്കെ തരപെടുത്തി തട്ടി മുട്ടി നീങ്ങുന്ന സമയത്ത് നാട്ടില്‍ വന്നപ്പോള്‍ വിശാലിനെ വീണ്ടും ഞാന്‍ മാവേലിക്കര സ്റ്റാന്‍ഡില്‍ വച്ചു കാണാന്‍ ഇടയായി. നാളുകള്‍ക്ക് ശേഷം രണ്ടു പ്രതിഭകളുടെ സംഗമത്തിന് വീണ്ടും ആ ബസ്സ് സ്റ്റാന്റ് സാക്ഷ്യം വഹിച്ചു. നേരില്‍ കണ്ടതിന്റെ സന്തോഷത്തില്‍ പഴയ കുറെ ഓര്‍മ്മകള്‍ അയവിറക്കി.

-അളിയാ നിനക്കു ഇപ്പൊ എവിടെയാ ജോലി, ഞാന്‍ വിശാലിനോട് ചോദിച്ചു.
-വീടിന്റെ അടുത്ത് തന്നെ, അവന്‍ പറഞ്ഞു.
-വീടിന്റെ അടുത്തോ, ഏത് ഫീല്‍ഡ് ആണ്, എന്താ പോസ്റ്റ്. ആകാംഷയോടെ ഞാന്‍ ചോദിച്ചു.
-വായിനോട്ടം തന്നെടെ, എന്നും ഈ സ്റ്റാന്‍ഡില്‍ വരാന്‍ പറ്റിലല്ലോ, അത് കൊണ്ടു ഇപ്പൊ വായിനോട്ടം വീടിന്റെ പരിസരത്തു തന്നെ.
-നീ ഇപ്പൊ എങ്ങോട്ടാ, അവന്‍ എന്നോട് തിരക്കി
-ഞാന്‍ കായംകുളത്തിനാ.
-ഞാനും അങ്ങോട്ടാണ്. ഒരു ബസ്സ് വരുന്നു, വാ അളിയാ നമ്മുക്ക് അതില്‍ കയറാം.

ഇറങ്ങുന്നവരും കയറുന്നവരും തമ്മില്‍ ഉള്ള വലിയ ഒരു സംഘട്ടനത്തിനു ശേഷം ഞങ്ങള്‍ അതില്‍ കയറി പറ്റി. പുറത്തു നിന്നവര്‍ അവരുടെ കയ്യില്‍ ഇരുന്ന പലതരം ആയുധങ്ങള്‍ എടുത്തു ഉള്ളിലേക്ക് എറിഞ്ഞു സീറ്റ് ബുക്ക് ചെയ്തത് കാരണം ഞങ്ങള്‍ക്ക് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ല. ബസ്സ് ഒരു സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ പെട്ടന്ന് വിശാലിന്റെ മുഖം ഒന്ന് തെളിയുന്നത് ഞാന്‍ കണ്ടു, അപ്പോഴാണ് ഞാന്‍ പുറത്തു ഒരു ബോര്‍ഡ് ശ്രദ്ധിച്ചത് "പ്രതിഭ പാരലല്‍ കോളേജ് ". ഞങ്ങളില്ലേ പഴയ കലാകാരന്മാര്‍ ഉണര്‍ന്നു, കണ്ണുകള്‍ ബൈനോകുലറുകള്‍ ആയി മാറി.

-അവള്‍ കൊള്ളാം അല്ലെടാ, ഒരു പെണ്‍കുട്ടിയെ കാട്ടി കൊണ്ടു അവന്‍ എന്നോട് പറഞ്ഞു.
-പോടാ, അതിലും മെച്ചം ആ നീല ചുരിദാര്‍ ആണ് , "സൗന്ദര്യബോധം ഇല്ലാത്തവന്‍ " ഞാന്‍ അവനെ കളിയാക്കി.
- ഏത് നീല, അവന്‍ എന്നോട് ചോദിച്ചു.
-ഡ്രൈവര്‍ സീറ്റിന്റെ പുറകില്‍ നില്ക്കുന്നത്, ഞാന്‍ പറഞ്ഞു. അവന്‍ ആ പെണ്‍കുട്ടിയെ പല കോണിലൂടെ നോക്കി കൊണ്ടിരുന്നു. "വായിനോക്കി" ഞാന്‍ മനസ്സില്‍ പറഞ്ഞു.
-ഞാന്‍ അവളുടെ സൗന്ദര്യത്തെ കുറിച്ചു ഒരു സെമിനാര്‍ തന്നെ അവന്റെ മുന്നില്‍ നടത്തി.

എന്റെ സാഹിത്യപരമായ വിവരണം മുഴുവന്‍ അവന്‍ കേട്ടു നിന്നതല്ലാതെ ഒരു അഭിപ്രായം പോലും
തിരിച്ചു പറഞ്ഞില്ല. "ഇത്രയും നേരം വായ തോരാതെ മറ്റുള്ള പെണ്‍കുട്ടികളെ കുറിച്ചു പറഞ്ഞു കൊണ്ടു ഇരുന്ന ഇവന്‌ ഇതു എന്ത് പറ്റി" ഞാന്‍ ചിന്തിച്ചു.

-അളിയാ നിനക്ക് എന്ത് പറ്റി. എന്താ നീ ഒന്നും മിണ്ടാത്തെ, ഞാന്‍ ചോദിച്ചു.
-ഒന്നുമില്ലട, അവന്‍ പറഞ്ഞു.
-അല്ല, എന്തോ ഉണ്ട്. എന്ത് പറ്റി നിനക്ക് പെട്ടന്ന് , ഞാന്‍ ചോദിച്ചു.

ധര്‍മസങ്കടത്തില്‍ ആയതു പോലെ അവന്‍ എന്തോ പറയാന്‍ മടിച്ചു.

-അളിയാ അത്.... അത്...
-പറയട....ഞാന്‍ പറഞ്ഞു.

ആ നീല ചുരിദാര്‍ എന്റെ പെങ്ങളാടാ .....

അവന്റെ മറുപടി കേട്ടു തുറന്നു പോയ എന്റെ വായ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി ആണ് അടച്ചത്.

വായിനോട്ടം ചിലപ്പോഴെങ്കിലും ഒരു ക്രൂരവിനോദമായി മാറും എന്ന് ഞാന്‍ അന്ന് മനസിലാക്കി.

Friday, December 12, 2008

പ്രണയം മരിക്കുന്നു

ബാംഗളൂര്‍ എന്ന മഹാനഗരം എനിക്ക് ഒരുപാടു നല്ല സുഹൃത്തുക്കളെ സമ്മാനിച്ചു. റൂം മേറ്റ്സ് ആയി കുറെ സുഹൃത്തുക്കള്‍, സഹാജോലികരായി കുറെ സുഹൃത്തുക്കള്‍, ഭക്ഷണം കഴിക്കാന്‍ പോകുന്ന കേരള മെസ്സിലും സുഹൃത്തുക്കള്‍, അങ്ങനെ ഒരുപാട്. ജീവിതയാത്രയില്‍ പല പരിചിത മുഖങ്ങളും നാം മറക്കും, അല്ലങ്കില്‍ മറക്കാന്‍ ശ്രമിക്കും. ഞാന്‍ ഇനി ഈ നഗരം വിട്ടു പോയാലും, ബാംഗളൂര്‍ എന്ന നാമം കേള്‍കുമ്പോള്‍ ഒരു പക്ഷെ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ഓര്‍മകള്‍ സന്ദീപിനെ കുറിച്ചുള്ളതായിരിക്കും. നഴ്സിംഗ് പഠിക്കാന്‍ ബാംഗളൂരില്‍ എത്തിപെട്ട് അവസാനം കോളേജില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു പുറത്തായതാണ് കക്ഷി. ജീവിതം ഒന്നു കരയ്ക്ക്‌ അടുപ്പിക്കാന്‍ വേണ്ടി പിന്നെ അവന്‍ തിരഞ്ഞെടുത്ത വഴി ആണ് ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ്. ഒന്നുകില്‍ ഒരു നല്ല കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഒരു നല്ല ജോലി, ഇതില്‍ ഒന്നില്ലാതെ അവന് വീട്ടില്‍ പ്രവേശനം നിഷിദ്ധം ആയിരികുകയാണ്.

അവന്‍ അവന്റെ പല കാര്യങ്ങള്‍ക്കും എന്നോട് ഉപദേശം ചോദിക്കുമായിരുന്നു. ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു, "മച്ചു, മച്ചുവിനു ഏതെങ്കിലും ഒരു രജിസ്ട്രാര്‍നെ പരിചയം ഉണ്ടോ", കേട്ടപ്പോള്‍ ഞാന്‍ കരുതി ഏതെങ്കിലും വസ്തു ആവശ്യങ്ങള്‍ക്ക് ആയിരിക്കും എന്ന്. ഞാന്‍ ചോദിച്ചു, എന്താടാ കാര്യം "കല്യാണം കഴിക്കാനാണ് മച്ചു", അവന്‍റെ വളരെ കോരിത്തരിപ്പിക്കുന്ന ഉത്തരം കെട്ട് ഞാന്‍ സ്തബ്ധനായി പോയി. "25 വയസു ആയ ഞാന്‍ ജീവിതം ഒരു കരക്കടുപ്പിക്കന്‍ പാടു പെടുന്നു, അപ്പോഴാണ് 21 തികായാത്ത അവന്‍റെ കല്യാണ പൂതി". പിന്നെ വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു "മച്ചു, എനിക്ക് ഒരു പെണ്‍കുട്ടിയുമായി പ്രേമം ആണ്, അവള്‍ മൈസൂരില്‍ ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. അവളെ മിക്കവാറും അവളുടെ വീട്ടുകാര്‍ അടുത്ത വര്‍ഷം അമേരിക്കയിലോട്ടു കടത്തും, അതിന് മുന്പ് കല്യാണം ഒന്നു രജിസ്റ്റര്‍ ചെയ്തു ഇടേണം.". ഇന്ത്യന്‍ ഭരണഖഢനെയെ വെല്ലു വിളിച്ചു കൊണ്ടു വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടു ആണ് അവന്‍ കാത്തിരികുന്നത്. 21 വയസ്സ് ആകാന്‍ ഇനിയും ഉണ്ട് 3 മാസം.

ഞാന്‍ ഒരു തത്ത്വചിന്തകനെ പോലെ അവനെ ഉപദേശിച്ചു, പക്ഷെ അവന്‍റെ തീരുമാനം ഏകദേശം ഉറച്ചതായിരുന്നു. മിക്കവാറും ആഴ്ച്ചകളില്‍ ഫോണ്‍ ചെയ്യുമ്പോഴും അവന്‍ ഇതിനെ കുറിച്ചു വീണ്ടും വീണ്ടും എന്നോട് സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ അവനെ ഫോണ്‍ ചെയ്തു, അപ്പൊ മറുതലക്കല്‍ നിന്നും ആദ്യം കേട്ടത് മച്ചു വിളി തന്നെ, "മച്ചു ഞാന്‍ ഇപ്പൊ റോമിങ്ങില്‍ ആണ്, സേലത്ത് ആണ്, ഞാന്‍ ബാംഗ്ലൂരില്‍ വന്നിട്ട് മച്ചുവിനെ വിളിക്കാം, കുറച്ചു സംസാരിക്കാനുണ്ട് ." രണ്ടു ദിവസം കഴിഞ്ഞു സന്ദീപ് എന്നെ ബാംഗ്ലൂരില്‍ വന്നിട്ട് വിളിച്ചു, "മച്ചു, ഞാന്‍ സേലത്ത് ആയിരുന്നു, ഇന്നാണ് വന്നത്. പിന്നെ ഒരു കാര്യം ഉണ്ട്, എന്‍റെ കല്യാണം കഴിഞ്ഞു ", "കഴിഞ്ഞോ എപ്പോ " ഞാന്‍ അമ്പ്പരപ്പോടെ ചോദിച്ചു, "ഇന്നലെ ആയിരുന്നു മച്ചു, സേലത്ത് ഉള്ള എന്‍റെ ഒരു ഫ്രണ്ട് വഴി ഒരു രജിസ്ട്രാര്‍നെ ഒപ്പിച്ചു, വ്യാജ റേഷന്‍ കാര്‍ഡും തരപ്പെടുത്തി കല്യാണം രജിസ്റ്റര്‍ ചെയ്തു, ഫസ്റ്റ് നൈറ്റ് ഇന്നലെ സേലത്ത് ഒരു ഹോട്ടലില്‍ വെച്ചു ആയിരുന്നു.

ഹിമാലയം കീഴടക്കിയ സന്തോഷത്തോടെ അവന്‍ കാര്യങ്ങള്‍ പറഞ്ഞു. "ഇവന്‍റെ ഇ എടുത്തുചാട്ടത്തിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയാതെ ഞാന്‍ നിന്നു, അഹങ്കാരം എന്നോ അതോ ചോരത്തിളപ്പ് എന്നോ. എന്താണെങ്കിലും ജനിച്ച നാള്‍ മുതല്‍ മക്കളുടെ വിവാഹസ്വപ്‌നങ്ങള്‍ മനസിലിട്ട്‌ താലോലിക്കുന്ന മാതാപിതാക്കളെ കുറിച്ചു ആണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്. പിന്നെ ഒരു കണക്കിന് ആലോചിച്ചാല്‍ പുരാണങ്ങളില്‍ പോലും ഗാന്ധര്‍വവിഹാഹം നടന്നിട്ടുണ്ടല്ലോ , ദുഷ്യന്തനും ശകുന്തളയും തമ്മില്‍ .

നിങ്ങള്‍ വീട്ടില്‍ അറിയിച്ചോ, "ഹേയ്, ഇല്ല മച്ചു. ഇപ്പോഴേ ഇല്ല, കുറച്ചു കഴിയട്ടെ, അറിയുമ്പോ ഒരു സ്ഭോടനം തന്നെ നടക്കും, അത് ഉറപ്പാ." "അപ്പോ എന്താ ഇനിയുള്ള പ്ലാന്‍", ഞാന്‍ ചോദിച്ചു. "രണ്ടു മൂന്ന് ദിവസം അവള്‍ ഇവിടെ എന്‍റെ കൂടെ നില്ക്കും, എന്‍റെ റൂം മേറ്റ്സ് ഒരു റൂം ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞു തരാം എന്ന് പറഞ്ഞു അത് കൊണ്ടു കുഴപ്പം ഇല്ല, അത് കഴിഞ്ഞു ഞാന്‍ അവളെ മൈസൂരില്‍ കൊണ്ടു ചെന്നു ആക്കും".

പ്രശ്നരഹിതമയി ഒരു 3-4 ആഴ്ച കടന്നു പൊയി, ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഓഫിസില്‍ ഉളളപ്പൊള്‍ ഏനിക്കു സന്ദീപിന്‍റെ ഒരു ഫൊണ്‍ വന്നു, ആദ്യത്തെ മച്ചു വിളിയില്‍ തന്നെ വല്ലാത്ത വെപ്പ്രാളവും പരവേശവും, ഒരു സഹായം ചോദിയ്ക്കാന്‍ തന്നെ ഉളള വിളി ആയിരുനു. പക്ഷെ അവന്റെ ചോദ്യം കേട്ടു ഞാന്‍ ശരിക്കും ഞെട്ടി പൊയി. “മചു, മചൂവിനു എതെങ്കിലും ഗയ്യ്നക്കൊളജിസ്റ്റിനെ പരിചയം ഉണ്ടോ, “ഉണ്ടെടാ, എന്റെ അമ്മായിഅമ്മ ഗയ്യ്നക്കൊളജിസ്റ്റ് ആണ് എന്നാണ് എനിക്ക് പറയാന്‍ തോന്നിയത്.“ “എടാ, നീ അപ്പൊ ആ പണിയും പറ്റിചു അല്ലെ”, ഞാന്‍ ചോദിച്ചു, “പറ്റി പൊയി മചു, എന്തെങ്കിലും ഉടനെ ചെയ്യണം.” നീ ഇപ്പോള്‍ എന്താ ചെയ്യാന്‍ പോകുന്നത്, ഞാന്‍ ചോദിച്ചു. എത്രയും പെട്ടന്ന് അബോര്‍ഷന്‍ നടത്തണം, അവന്‍റെ ലാക്ഖവത്തോടെ ഉള്ള മറുപടി കേട്ടു ഞാന്‍ ഞെട്ടി പോയി, "എടാ അത് വേണോ ", "അല്ലാതെ ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക മച്ചു, വീട്ടില്‍ അറിയിക്കാന്‍ പറ്റിലല്ലോ." അങ്ങനെ രണ്ടാമത്തെ എടുത്തു ചാട്ടവും അവന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് ബോധ്യമായി, ഈ പാപത്തില്‍ എനിക്ക് പങ്കില്ല എന്ന രീതിയില്‍ ഞാന്‍ മിണ്ടാതെ നിന്നു.

കല്യാണം എന്ന കൂനിന്മേല്‍ ഗര്‍ഭം എന്ന കുരു വന്നു കേറി, അതാണ് ഇപ്പ്പോ അവന്റെ അവസ്ഥ. എന്റെ ഫ്രണ്ട്സിന്റെ അടുത്ത് നിന്നും ഒരു 5000 രൂപ കടവും വാങ്ങി, വെബ്സൈറ്റില്‍ നിന്നു ബാംഗളൂരില്‍ ഉള്ള നല്ല കുറെ ഗ്യ്നെകലോജിസ്ടിന്റെ അഡ്രസ്സും നമ്പറും തപ്പി എടുത്തു ഞാന്‍ അവന് കൊടുത്തു,

"ചെല്ല്, നീ പോയി എന്തെങ്കിലും ഉടനെ ചെയ്യ് , പിന്നെ അവള്‍ ഒരു നേഴ്സ് കൂടി അല്ലെ, അവള്‍ക്ക് ഏതെങ്കിലും ഡോക്ടറിനെ പരിചയം കാണില്ലേ, ഇത്രയും സഹായവും ഉപദേശവും കൊടുത്തു കഴിഞ്ഞപ്പോള്‍ ആണ് എന്റെ പ്രിയസുഹൃത്തിന് ഒരു ഗ്ളോബല്‍ സംശയം, "മച്ചു, എനിക്ക് ഒരു ഭര്‍ത്താവിന്റെ ലുക്ക് ഉണ്ടോ, പുട്ടിലെ തേങ്ങ പീര പോലെ അവിടെ ഇവിടെ കുറിച്ചു കുറ്റി മീശകള്‍ അല്ലെ ഉള്ളു, ഒരു ലുക്ക് ഉണ്ടോ, ഞാന്‍ എങ്ങനെ അവളെയും കൊണ്ടു ഹോസ്പിറ്റലില്‍ പോകും". "ഹോസ്പിറ്റലില്‍ പോകാന്‍ കാശ് ആണ് വേണ്ടത്, മീശ അല്ല. ഇനി അഥവാ ഡോക്ടര്‍ മീശയെ കുറിച്ചു എന്തങ്കിലും ചോദിച്ചാല്‍ ഞങ്ങളുടെ തറവാട്ടില്‍ മീശ വാഴില്ല എന്ന് നീ അങ്ങ് പറ, അതെ ഉള്ളു ഇപ്പൊ വഴി.", ഞാന്‍ പറഞ്ഞു.

അബോര്‍ഷന്‍ നടന്ന കാര്യം അവന്‍ എന്നെ പിനീട് വിളിച്ചു അറിയിച്ചു. അതിന് ശേഷം കുറിച്ചു നാള്‍ എനിക്ക് അവനെ ബന്ധപെടുവാന്‍ കഴിഞ്ഞില്ല, പിന്നെ ബന്ധപെടുവാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ കേരളത്തില്‍ ആണെനു എനിക്ക് മനസിലായി. അവന്‍ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തു കാണും, വിഷയം വീട്ടില്‍ അവതരിപ്പിച്ചു കാണും എന്നുള്ള വിശ്വാസത്തില്‍ ഞാന്‍ ഇരുന്നു. പക്ഷെ പിന്നെ അങ്ങോട്ട് നടന്നത് വിശ്വാസത്തിനു മേല്‍ വിധിയുടെ കടന്നുകയറ്റം ആയിരുന്നു.

നാളുകള്‍ക്കു ശേഷം ഒരു ഞായറാഴ്ച രാവിലെ എന്റെ റൂമിന്റെ വാതില്‍ക്കല്‍ ഒരു മുട്ട് കേട്ട് ആണ് ഞാന്‍ എഴുന്നേറ്റത്‌, അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും നല്ല മയക്കത്തില്‍ ആയിരുന്നു. മുട്ട് കേട്ട് ആരും എഴുന്നെല്ല്ക്കാന്‍ കൂട്ടാക്കിയില്ല, അവസാനം സഹികെട്ട് ഒരുത്തന്‍ കുറച്ചു ദേഷ്യത്തില്‍ ചെന്നു വാതില്‍ തുറന്നു.
-അനീഷ്‌ ഉണ്ടോ
- ഉണ്ട്, ഉറങ്ങുകയാണ്‌.

പാതി മയക്കത്തില്‍ സന്ദര്‍ശകന്‍ എന്റെ പേരു പറയുന്നത് കെട്ട് ഞാന്‍ ഉണര്‍ന്നു തലപൊക്കി നോക്കിയപ്പോള്‍ "സന്ദീപ്", ഞാന്‍ എഴുന്നേറ്റു വാതില്‍ക്കല്‍ ചെന്നു. കത്രിക കണ്ടിട്ട് നാളു കുറെ ആയ നീളന്‍ മുടി, ചുണ്ടില്‍ പുകയുന്ന സിഗരറ്റ് , ഒരു 10-12 കിലോ തൂക്കം കുറഞ്ഞ ശരീരം, കുഴിഞ്ഞ കണ്ണുകള്‍ കണ്ടാല്‍ അറിയാം നല്ലത് പോലെ ഉറങ്ങിയിട്ട് നാളുകള്‍ ആയി എന്ന്. അവനെ ഞാന്‍ അകത്തേക്ക് വിളിച്ചു, സിഗരറ്റ് കുത്തികെടുത്തി അവന്‍ കയറി വന്നു.

-സന്ദീപ് നിനക്ക് എന്ത് പറ്റി, ഞാന്‍ ചോദിച്ചു.
മൗനത്തെ കൂട്ട് പിടിച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും ചോദിച്ചു
-നിനക്കു എന്ത് പറ്റി, നീ സിഗരറ്റ് വലിയും തുടങ്ങിയോ, എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം, പറയെടാ.
-മച്ചു, ജീവിതം ഒന്നേ ഉള്ളു എന്ന് പറയുന്നത് ശരി ആണോ.
-ആയിരിക്കാം, ഞാന്‍ പറഞ്ഞു.
-എങ്കില്‍ ഞാന്‍ ആ ജീവിതം നശിപ്പിച്ചു.
എനിക്ക് ഒന്നും മനസിലായില്ല..
-നീ തെളിച്ചു പറ, ഞാന്‍ പറഞ്ഞു.
-പോയി മച്ചു, അവള്‍ എന്നെ വിട്ടു പോയി. അവളെ അവളുടെ വീട്ടുകാര്‍ കൊണ്ടു പോയി, ഇനി അവള്‍ വരില്ല, വരില്ല...അവന്‍റെ തൊണ്ട ഇടറി. നടന്നത് എല്ലാം അവന്‍ എന്നോട് വിശദീകരിച്ചു.

സന്ദീപിന്റെ മൊബൈലില്‍ വേറെ ഒരു പെണ്‍കുട്ടിയുടെ SMS അവള്‍ കണ്ടു, അതില്‍ നിന്നാണ് തുടക്കം. അവനു വേറെ ഒരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ട് എന്ന് അവള്‍ തെറ്റിധരിച്ചു, അവന്‍റെ വാദമുഖങ്ങള്‍ക്ക് അവള്‍ ഒരു വിലയും കല്‍പ്പിച്ചില്ല. സന്ദീപ് ആ പെണ്‍കുട്ടി‌മായി വന്നു നേരിട്ടു സത്യം തുറന്നു പറഞ്ഞെങ്കിലും, അതിനെ വെറും നാടകം ആയി അവള്‍ കണ്ടു. ഇ അവസരം പരമാവധി അവളുടെ വീട്ടുകാര്‍ പ്രയോജനപെടുത്തി, അവളെ അമേരിക്കക്ക് കൊണ്ടു പോയി, "ബ്രെയിന്‍ വാഷ്" എന്ന വിദ്യ അവര്‍ വളരെ സമര്‍ഥമായി അവളില്‍ പ്രയോഗിച്ചു. അമേരിക്കയില്‍ എത്തി ഒരു ആഴ്ചക്ക് ശേഷം അവള്‍ വീണ്ടും സന്ദീപിനെ ഫോണ്‍ ചെയ്തു, ആ ഒരു ഫോണ്‍ സംഭാഷണം ആണ് അവനെ തകര്‍ത്തു കളഞ്ഞത്:
"ഞങ്ങള്‍ അടുത്ത മാസം നാട്ടിലേക്ക് വരുന്നു, എനിക്ക് ഇ വിവാഹബന്ധം വേര്‍പെടുത്തണ്ണം, സന്ദീപ് ദയവായി സമ്മതിക്കണം", അവനു തിരിച്ചു ഒന്നു ഉരിയാടാന്‍ പോലും അവസരം കൊടുക്കാതെ അവള്‍ ഫോണ്‍ വെച്ചു.

ബാംഗളൂരില്‍ അവിവാഹിതര്‍ ആയ അനവധി യുവതിയുവാക്കള്‍ ദമ്പതികളെ പോലെ ഒരുമിച്ചു ജീവിക്കുന്നുണ്ട് എന്ന് ഞാന്‍ കേട്ടിടുണ്ട്, പക്ഷെ അതില്‍ നിന്നു എല്ലാം വത്യസ്തമായി വീട്ടുകാര്‍ അറിയാതെ വിവാഹിതര്‍ ആകുകയും, ഗര്‍ഭം ധരിക്കുകയും പിന്നെ അബോര്‍ഷന്‍ നടത്തുകയും ചെയ്ത ഇവര്‍ എന്നെ വല്ലാതെ അമ്പരപ്പിക്കുകയും അതില്‍ കൂടുതല്‍ ഭയപെടുത്തുകയും ചെയ്തിരുന്നു. വയറ്റില്‍ നാമ്പിട്ട ഒരു ജീവനെ പുല്ലു പോലെ വലിച്ചു എറിഞ്ഞ അവള്‍ ഇപ്പോള്‍ കാമുകനെയും വലിച്ചു എറിയുന്നു, അദ്ഭുതപെടാന്‍ ഇതില്‍ ഒന്നും ഇല്ല.

-മച്ചു, നാളെ അവള്‍ വരും, മറ്റന്നാള്‍ ഡൈവോഴ്സ് ആണ്, അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ മച്ചുവിനെ ഒന്നു കാണാന്‍ വന്നതാണ്‌, ഇനി ചിലപ്പോ നമ്മള്‍ തമ്മില്‍ കണ്ടു എന്ന് വരില്ല, അപ്പോള്‍ ഞാന്‍ വരട്ടെ. താങ്ക്സ് മച്ചു, എല്ലാത്തിനും.

നിറകണ്ണുകളുമായി അകലുന്ന സന്ദീപിനെ നോക്കി ഞാന്‍ മൗനിയായി നിന്നു.

അവന്‍റെ കണീരിനു ആരാണ് ഉത്തരവാദി,

അപക്ക്വമായ മനസിന്റെ തീരുമാനങ്ങള്‍ക്ക് അടിമപെട്ട അവന്‍ മാത്രമോ...അതോ, കാമുകി എന്നാല്‍ വഞ്ചന തന്നെ എന്ന് വീണ്ടും തെളിയിച്ച അവളോ...അതുമല്ലങ്കില്‍, ഭാവി വഴിമുട്ടിയപ്പോള്‍ ചഞ്ചലമായ പെണ്‍മനസിനെ ചൂഷണം ചെയ്ത മാതാപിതാക്കളോ...

നിങ്ങള്‍ തീരുമാനിക്കുക....

Monday, December 8, 2008

പകവീട്ടല്‍

എന്റെ മുത്തശ്ശന് 8 മക്കള്‍ , 15 കൊച്ചുമക്കള്‍ . അതില്‍ എന്റെ സമപ്രയത്തില്‍ ഉള്ളത് ഒരേ ഒരാള്‍ മാത്രം, "രാജി" , എന്നെക്കാളും 2 മാസം മൂപ്പ് കൂടുതല്‍, എന്റെ സ്കൂള്‍ വിദ്യാഭ്യസ കാലത്തെ ഏറ്റവും വല്ല്യ പാര . ഞാന്‍ സ്കൂളില്‍ എന്തു നല്ല കാര്യം ചെയ്താലും (തോന്ന്യാസം എന്ന് അദ്ധ്യാപകര്‍ പറയും, എന്താണെന്നു അറിയില്ല.), അവള്‍ എന്റെ അമ്മയോട് വള്ളിയും പുള്ളിയും തെറ്റാതെ പറഞ്ഞു കൊടുക്കും, അന്ന് എനിക്ക് വീട്ടില്‍ ഗംഭീര സ്വീകരണം ആയിരിക്കും കിട്ടുക. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ്സ് വരെ എന്നെ വിടാതെ പിന്തുടര്‍ന്ന പാര ആയിരുന്നു രാജി. ഇവള്‍ പുസ്തകം താഴെ വെക്കാതെ പഠിത്തം തന്നെ, ഞാന്‍ പുസ്തകം കയ്യ് കൊണ്ടു എടുക്കുനതു പൂജക്ക്‌ വെക്കാന്‍ മാത്രം. ഇവളുടെ പഠിത്തം കാരണം എന്റെ സ്വസ്ഥത നഷ്ടപെട്ടു, "

കണ്ടു പടിയെട, കണ്ടു പടിയെട" എന്നുള്ള അമ്മയുടെ സ്ഥിരം പല്ലവി.

കണക്കു എന്ന ബാലികേറാമല എന്നും എന്റെ തലവേദന ആയിരുന്നു. ഹോംവര്‍ക്ക് പരമാവധി ഞാന്‍ തന്നെ സ്വയം "ആരുടെയെങ്കിലും കോപ്പി അടിച്ച് എഴുതും". ഒരു ദിവസം ഹോംവര്‍ക്ക് ചെയ്യാത്തവരെ എല്ലാം സര്‍ വരി വരി ആയി നിര്‍ത്തിയ ടൈമില്‍ എനിക്ക് അസ്ഥാനത്ത് ഒരു തമാശ പൊട്ടി. അത് ഞാന്‍ എന്റെ അടുത്തിരുന്ന നവീനുമായി പങ്കു വെച്ചു, "ഇതു ഒരു മാതിരി ഓണത്തിന്റെ ടൈമില്‍ റേഷന്‍ കടയില്‍ അരിയും, മണ്ണണ്ണയും വാങ്ങാന്‍ നില്കുനത് പോലെ ഉണ്ടെല്ലോട...", അവന്‍ എന്റെ പുളിച്ച തമാശ കേട്ടതും, ഓക്കാനം വരുന്ന രീതിയില്‍ വായ് പൊത്തി പിടിച്ചു ഒരു ചിരി. ഒരു പത്തു സെക്കന്റ് കഴിഞ്ഞതും ഫ്രണ്ട്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്നത് പോലെ ഒരുത്തന്‍ നിര്‍ത്താതെ ചിരിക്കുന്നു. അത് കേട്ടു ഞാന്‍ ആളിനെ കാണാന്‍ വേണ്ടി തല നീട്ടി ഒന്നു നോക്കി, ബഞ്ചിന്റെ വലത്തേ അറ്റത്ത്‌ ഇരിക്കുന്ന രാജീവ്. "ഇവന് എന്താ ചിരിയുടെ ഞരമ്പ് പൊട്ടിയോ" ഞാന്‍ ആലോചിച്ചു. "Rajeev, why are you laughing?", സാറിന്റെ ചോദ്യം കേട്ടതും അവന്‍ പെട്ടന്ന് ചിരി നിര്‍ത്തി, "എന്തിനാടോ താന്‍ ചിരിച്ചേ", സാര്‍ വീണ്ടും ചോദിച്ചു. "സാര്‍ അത്, അത് ഈ അനീഷ്‌ പറയുവാ സാറിനെ കണ്ടിട് ഇപ്പൊ റേഷന്‍ കടകാരനെ പോലെ ഉണ്ടെന്ന്", ഇതു കേട്ടതും ഞാന്‍ ഞെട്ടി. "ഈശ്വരാ, ഇങ്ങനെ അല്ലെല്ലോ ഞാന്‍ പറഞ്ഞതു, പെട്ടു.....ഞാന്‍ ഉറപ്പിച്ചു". "അനീഷ്‌, സ്റ്റാന്റ് അപ്", സാര്‍ ആക്രോശിച്ചു. എന്റെ നാക്കിനെ പ്രാകി കൊണ്ടും, രാജീവിനെ ഒന്നു രൂക്ഷമായി നോക്കി കൊണ്ടും ഞാന്‍ പതിയെ എഴുന്നേറ്റു.

"താന്‍ ഇവിടെ പഠിക്കാനാണോ വരുന്നേ, അതോ അദ്ധ്യാപകരെ കളിയാക്കാനോ", നീട്ടടോ കയ്യ്, കിട്ടി എനിക്ക് നല്ല നാലു പെട. രാജീവിനെ ഒന്നു കൂടി രൂക്ഷമായി നോക്കി കൊണ്ടു ഞാന്‍ മനസ്സില്‍ പറഞ്ഞു "ചെവിക്കു നുള്ളിക്കോടാ.... count down and count down.." "രാജി, വീട്ടില്‍ ചെന്നു ഇവന്റെ അച്ഛനോട് പറയണം, ഇവന്‍ ക്ളാസ്സില്‍ ഇരുന്നു അദ്ധ്യാപകരെ കമന്റ് പറയുവാണെന്നു". അത് കൂടി കേട്ടപ്പോ എന്റെ പകുതി ജീവന്‍ പോയി. "സ്കൂളിലും രക്ഷയില്ല, വീട്ടിലും രക്ഷയില്ല", ഞാന്‍ മനസ്സില്‍ ആലോചിച്ചു.

എനിക്ക് ഇട്ടു പണി തന്ന രാജീവിനുള്ള മറുപണി മനസ്സില്‍ കുറിച്ചിട്ടു ഞാന്‍. അങ്ങനെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എനിക്ക് രാജീവിന്റെ അടുത്ത് ഇരിക്കാന്‍ ഒരു അവസരം കിട്ടി. ക്ളാസ്സില്‍ ഹിസ്റ്ററി സാര്‍ , ഗാന്ധിജി നടത്തിയ്യ ദണ്ഡി യാത്രയെ കുറിച്ചുള്ള വിവരണ്ണം നടക്കുമ്പോള്‍ ഇ തെണ്ടിക്ക് എന്തു പണി കൊടുക്കും എന്ന ചിന്തയില്‍ ആയിരുന്നു ഞാന്‍.

"ഉത്തരം പറയു", എന്ന് കേട്ടു ഞാന്‍ ഞെട്ടി, നോക്കിയപ്പോള്‍ സാര്‍ എന്റെ നേരെ നോക്കുന്നു. "അയ്യോ പെട്ടു", ഞാന്‍ പതിയെ എഴുന്നേല്‍ക്കാന്‍ ഭാവിച്ചു. "അനീഷ്‌ അല്ല, രാജീവ് പറയു" സാര്‍ പറഞ്ഞു. "ഹൊ, ശ്വാസം നേരെ വീണു". അപ്പോഴാണ് രാജീവ് ഡെസ്കില്‍ അലസമായി ഇട്ടിരിക്കുന്ന "കോമ്പസ് "എന്റെ കണ്ണില്‍ പെട്ടത്, ഞാന്‍ എഴുന്നേറ്റു നില്‍ക്കുന്ന അവനെ ഒന്നു നോക്കി, എന്നിട്ട് കോമ്പസിനെയും. "പണി കൊടുക്കാന്‍ നേരമായി", എന്റെ മനസ്സു മന്ത്രിച്ചു. ഞാന്‍ പതിയെ കോമ്പസ് കയ്യില്‍ എടുത്തു മുന മുകളില്‍ വരത്തക്കവണ്ണം ലംബമായി അവന്റെ ആസനത്തിനു കീഴില്‍ വെച്ചു, കാത്തിരുന്നു.......അവന്‍ ഇരിക്കുന്നതും നോക്കി.....

"OK, sit down Rajeev" എന്ന സാറിന്റെ ശബ്ദവും, അവന്റെ "അമ്മേ" എന്ന നിലവിളയും ഏകദേശം ഒരുമിച്ചായിരുന്നു...

പിന്നെ അവിടെ നടന്നത് ഊഹിക്കാമെല്ലോ....