Friday, December 12, 2008

പ്രണയം മരിക്കുന്നു

ബാംഗളൂര്‍ എന്ന മഹാനഗരം എനിക്ക് ഒരുപാടു നല്ല സുഹൃത്തുക്കളെ സമ്മാനിച്ചു. റൂം മേറ്റ്സ് ആയി കുറെ സുഹൃത്തുക്കള്‍, സഹാജോലികരായി കുറെ സുഹൃത്തുക്കള്‍, ഭക്ഷണം കഴിക്കാന്‍ പോകുന്ന കേരള മെസ്സിലും സുഹൃത്തുക്കള്‍, അങ്ങനെ ഒരുപാട്. ജീവിതയാത്രയില്‍ പല പരിചിത മുഖങ്ങളും നാം മറക്കും, അല്ലങ്കില്‍ മറക്കാന്‍ ശ്രമിക്കും. ഞാന്‍ ഇനി ഈ നഗരം വിട്ടു പോയാലും, ബാംഗളൂര്‍ എന്ന നാമം കേള്‍കുമ്പോള്‍ ഒരു പക്ഷെ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന ഓര്‍മകള്‍ സന്ദീപിനെ കുറിച്ചുള്ളതായിരിക്കും. നഴ്സിംഗ് പഠിക്കാന്‍ ബാംഗളൂരില്‍ എത്തിപെട്ട് അവസാനം കോളേജില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു പുറത്തായതാണ് കക്ഷി. ജീവിതം ഒന്നു കരയ്ക്ക്‌ അടുപ്പിക്കാന്‍ വേണ്ടി പിന്നെ അവന്‍ തിരഞ്ഞെടുത്ത വഴി ആണ് ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ്. ഒന്നുകില്‍ ഒരു നല്ല കോഴ്സ്‌ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഒരു നല്ല ജോലി, ഇതില്‍ ഒന്നില്ലാതെ അവന് വീട്ടില്‍ പ്രവേശനം നിഷിദ്ധം ആയിരികുകയാണ്.

അവന്‍ അവന്റെ പല കാര്യങ്ങള്‍ക്കും എന്നോട് ഉപദേശം ചോദിക്കുമായിരുന്നു. ഒരു ദിവസം അവന്‍ എന്നോട് ചോദിച്ചു, "മച്ചു, മച്ചുവിനു ഏതെങ്കിലും ഒരു രജിസ്ട്രാര്‍നെ പരിചയം ഉണ്ടോ", കേട്ടപ്പോള്‍ ഞാന്‍ കരുതി ഏതെങ്കിലും വസ്തു ആവശ്യങ്ങള്‍ക്ക് ആയിരിക്കും എന്ന്. ഞാന്‍ ചോദിച്ചു, എന്താടാ കാര്യം "കല്യാണം കഴിക്കാനാണ് മച്ചു", അവന്‍റെ വളരെ കോരിത്തരിപ്പിക്കുന്ന ഉത്തരം കെട്ട് ഞാന്‍ സ്തബ്ധനായി പോയി. "25 വയസു ആയ ഞാന്‍ ജീവിതം ഒരു കരക്കടുപ്പിക്കന്‍ പാടു പെടുന്നു, അപ്പോഴാണ് 21 തികായാത്ത അവന്‍റെ കല്യാണ പൂതി". പിന്നെ വിശദമായി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു "മച്ചു, എനിക്ക് ഒരു പെണ്‍കുട്ടിയുമായി പ്രേമം ആണ്, അവള്‍ മൈസൂരില്‍ ഒരു ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു. അവളെ മിക്കവാറും അവളുടെ വീട്ടുകാര്‍ അടുത്ത വര്‍ഷം അമേരിക്കയിലോട്ടു കടത്തും, അതിന് മുന്പ് കല്യാണം ഒന്നു രജിസ്റ്റര്‍ ചെയ്തു ഇടേണം.". ഇന്ത്യന്‍ ഭരണഖഢനെയെ വെല്ലു വിളിച്ചു കൊണ്ടു വിവാഹം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടു ആണ് അവന്‍ കാത്തിരികുന്നത്. 21 വയസ്സ് ആകാന്‍ ഇനിയും ഉണ്ട് 3 മാസം.

ഞാന്‍ ഒരു തത്ത്വചിന്തകനെ പോലെ അവനെ ഉപദേശിച്ചു, പക്ഷെ അവന്‍റെ തീരുമാനം ഏകദേശം ഉറച്ചതായിരുന്നു. മിക്കവാറും ആഴ്ച്ചകളില്‍ ഫോണ്‍ ചെയ്യുമ്പോഴും അവന്‍ ഇതിനെ കുറിച്ചു വീണ്ടും വീണ്ടും എന്നോട് സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ അവനെ ഫോണ്‍ ചെയ്തു, അപ്പൊ മറുതലക്കല്‍ നിന്നും ആദ്യം കേട്ടത് മച്ചു വിളി തന്നെ, "മച്ചു ഞാന്‍ ഇപ്പൊ റോമിങ്ങില്‍ ആണ്, സേലത്ത് ആണ്, ഞാന്‍ ബാംഗ്ലൂരില്‍ വന്നിട്ട് മച്ചുവിനെ വിളിക്കാം, കുറച്ചു സംസാരിക്കാനുണ്ട് ." രണ്ടു ദിവസം കഴിഞ്ഞു സന്ദീപ് എന്നെ ബാംഗ്ലൂരില്‍ വന്നിട്ട് വിളിച്ചു, "മച്ചു, ഞാന്‍ സേലത്ത് ആയിരുന്നു, ഇന്നാണ് വന്നത്. പിന്നെ ഒരു കാര്യം ഉണ്ട്, എന്‍റെ കല്യാണം കഴിഞ്ഞു ", "കഴിഞ്ഞോ എപ്പോ " ഞാന്‍ അമ്പ്പരപ്പോടെ ചോദിച്ചു, "ഇന്നലെ ആയിരുന്നു മച്ചു, സേലത്ത് ഉള്ള എന്‍റെ ഒരു ഫ്രണ്ട് വഴി ഒരു രജിസ്ട്രാര്‍നെ ഒപ്പിച്ചു, വ്യാജ റേഷന്‍ കാര്‍ഡും തരപ്പെടുത്തി കല്യാണം രജിസ്റ്റര്‍ ചെയ്തു, ഫസ്റ്റ് നൈറ്റ് ഇന്നലെ സേലത്ത് ഒരു ഹോട്ടലില്‍ വെച്ചു ആയിരുന്നു.

ഹിമാലയം കീഴടക്കിയ സന്തോഷത്തോടെ അവന്‍ കാര്യങ്ങള്‍ പറഞ്ഞു. "ഇവന്‍റെ ഇ എടുത്തുചാട്ടത്തിനെ എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയാതെ ഞാന്‍ നിന്നു, അഹങ്കാരം എന്നോ അതോ ചോരത്തിളപ്പ് എന്നോ. എന്താണെങ്കിലും ജനിച്ച നാള്‍ മുതല്‍ മക്കളുടെ വിവാഹസ്വപ്‌നങ്ങള്‍ മനസിലിട്ട്‌ താലോലിക്കുന്ന മാതാപിതാക്കളെ കുറിച്ചു ആണ് ഞാന്‍ അപ്പോള്‍ ആലോചിച്ചത്. പിന്നെ ഒരു കണക്കിന് ആലോചിച്ചാല്‍ പുരാണങ്ങളില്‍ പോലും ഗാന്ധര്‍വവിഹാഹം നടന്നിട്ടുണ്ടല്ലോ , ദുഷ്യന്തനും ശകുന്തളയും തമ്മില്‍ .

നിങ്ങള്‍ വീട്ടില്‍ അറിയിച്ചോ, "ഹേയ്, ഇല്ല മച്ചു. ഇപ്പോഴേ ഇല്ല, കുറച്ചു കഴിയട്ടെ, അറിയുമ്പോ ഒരു സ്ഭോടനം തന്നെ നടക്കും, അത് ഉറപ്പാ." "അപ്പോ എന്താ ഇനിയുള്ള പ്ലാന്‍", ഞാന്‍ ചോദിച്ചു. "രണ്ടു മൂന്ന് ദിവസം അവള്‍ ഇവിടെ എന്‍റെ കൂടെ നില്ക്കും, എന്‍റെ റൂം മേറ്റ്സ് ഒരു റൂം ഞങ്ങള്‍ക്ക് വേണ്ടി ഒഴിഞ്ഞു തരാം എന്ന് പറഞ്ഞു അത് കൊണ്ടു കുഴപ്പം ഇല്ല, അത് കഴിഞ്ഞു ഞാന്‍ അവളെ മൈസൂരില്‍ കൊണ്ടു ചെന്നു ആക്കും".

പ്രശ്നരഹിതമയി ഒരു 3-4 ആഴ്ച കടന്നു പൊയി, ഒരു ദിവസം ഉച്ചക്ക് ഞാന്‍ ഓഫിസില്‍ ഉളളപ്പൊള്‍ ഏനിക്കു സന്ദീപിന്‍റെ ഒരു ഫൊണ്‍ വന്നു, ആദ്യത്തെ മച്ചു വിളിയില്‍ തന്നെ വല്ലാത്ത വെപ്പ്രാളവും പരവേശവും, ഒരു സഹായം ചോദിയ്ക്കാന്‍ തന്നെ ഉളള വിളി ആയിരുനു. പക്ഷെ അവന്റെ ചോദ്യം കേട്ടു ഞാന്‍ ശരിക്കും ഞെട്ടി പൊയി. “മചു, മചൂവിനു എതെങ്കിലും ഗയ്യ്നക്കൊളജിസ്റ്റിനെ പരിചയം ഉണ്ടോ, “ഉണ്ടെടാ, എന്റെ അമ്മായിഅമ്മ ഗയ്യ്നക്കൊളജിസ്റ്റ് ആണ് എന്നാണ് എനിക്ക് പറയാന്‍ തോന്നിയത്.“ “എടാ, നീ അപ്പൊ ആ പണിയും പറ്റിചു അല്ലെ”, ഞാന്‍ ചോദിച്ചു, “പറ്റി പൊയി മചു, എന്തെങ്കിലും ഉടനെ ചെയ്യണം.” നീ ഇപ്പോള്‍ എന്താ ചെയ്യാന്‍ പോകുന്നത്, ഞാന്‍ ചോദിച്ചു. എത്രയും പെട്ടന്ന് അബോര്‍ഷന്‍ നടത്തണം, അവന്‍റെ ലാക്ഖവത്തോടെ ഉള്ള മറുപടി കേട്ടു ഞാന്‍ ഞെട്ടി പോയി, "എടാ അത് വേണോ ", "അല്ലാതെ ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക മച്ചു, വീട്ടില്‍ അറിയിക്കാന്‍ പറ്റിലല്ലോ." അങ്ങനെ രണ്ടാമത്തെ എടുത്തു ചാട്ടവും അവന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് എനിക്ക് ബോധ്യമായി, ഈ പാപത്തില്‍ എനിക്ക് പങ്കില്ല എന്ന രീതിയില്‍ ഞാന്‍ മിണ്ടാതെ നിന്നു.

കല്യാണം എന്ന കൂനിന്മേല്‍ ഗര്‍ഭം എന്ന കുരു വന്നു കേറി, അതാണ് ഇപ്പ്പോ അവന്റെ അവസ്ഥ. എന്റെ ഫ്രണ്ട്സിന്റെ അടുത്ത് നിന്നും ഒരു 5000 രൂപ കടവും വാങ്ങി, വെബ്സൈറ്റില്‍ നിന്നു ബാംഗളൂരില്‍ ഉള്ള നല്ല കുറെ ഗ്യ്നെകലോജിസ്ടിന്റെ അഡ്രസ്സും നമ്പറും തപ്പി എടുത്തു ഞാന്‍ അവന് കൊടുത്തു,

"ചെല്ല്, നീ പോയി എന്തെങ്കിലും ഉടനെ ചെയ്യ് , പിന്നെ അവള്‍ ഒരു നേഴ്സ് കൂടി അല്ലെ, അവള്‍ക്ക് ഏതെങ്കിലും ഡോക്ടറിനെ പരിചയം കാണില്ലേ, ഇത്രയും സഹായവും ഉപദേശവും കൊടുത്തു കഴിഞ്ഞപ്പോള്‍ ആണ് എന്റെ പ്രിയസുഹൃത്തിന് ഒരു ഗ്ളോബല്‍ സംശയം, "മച്ചു, എനിക്ക് ഒരു ഭര്‍ത്താവിന്റെ ലുക്ക് ഉണ്ടോ, പുട്ടിലെ തേങ്ങ പീര പോലെ അവിടെ ഇവിടെ കുറിച്ചു കുറ്റി മീശകള്‍ അല്ലെ ഉള്ളു, ഒരു ലുക്ക് ഉണ്ടോ, ഞാന്‍ എങ്ങനെ അവളെയും കൊണ്ടു ഹോസ്പിറ്റലില്‍ പോകും". "ഹോസ്പിറ്റലില്‍ പോകാന്‍ കാശ് ആണ് വേണ്ടത്, മീശ അല്ല. ഇനി അഥവാ ഡോക്ടര്‍ മീശയെ കുറിച്ചു എന്തങ്കിലും ചോദിച്ചാല്‍ ഞങ്ങളുടെ തറവാട്ടില്‍ മീശ വാഴില്ല എന്ന് നീ അങ്ങ് പറ, അതെ ഉള്ളു ഇപ്പൊ വഴി.", ഞാന്‍ പറഞ്ഞു.

അബോര്‍ഷന്‍ നടന്ന കാര്യം അവന്‍ എന്നെ പിനീട് വിളിച്ചു അറിയിച്ചു. അതിന് ശേഷം കുറിച്ചു നാള്‍ എനിക്ക് അവനെ ബന്ധപെടുവാന്‍ കഴിഞ്ഞില്ല, പിന്നെ ബന്ധപെടുവാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ കേരളത്തില്‍ ആണെനു എനിക്ക് മനസിലായി. അവന്‍ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തു കാണും, വിഷയം വീട്ടില്‍ അവതരിപ്പിച്ചു കാണും എന്നുള്ള വിശ്വാസത്തില്‍ ഞാന്‍ ഇരുന്നു. പക്ഷെ പിന്നെ അങ്ങോട്ട് നടന്നത് വിശ്വാസത്തിനു മേല്‍ വിധിയുടെ കടന്നുകയറ്റം ആയിരുന്നു.

നാളുകള്‍ക്കു ശേഷം ഒരു ഞായറാഴ്ച രാവിലെ എന്റെ റൂമിന്റെ വാതില്‍ക്കല്‍ ഒരു മുട്ട് കേട്ട് ആണ് ഞാന്‍ എഴുന്നേറ്റത്‌, അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഞാനും എന്റെ സുഹൃത്തുക്കളും നല്ല മയക്കത്തില്‍ ആയിരുന്നു. മുട്ട് കേട്ട് ആരും എഴുന്നെല്ല്ക്കാന്‍ കൂട്ടാക്കിയില്ല, അവസാനം സഹികെട്ട് ഒരുത്തന്‍ കുറച്ചു ദേഷ്യത്തില്‍ ചെന്നു വാതില്‍ തുറന്നു.
-അനീഷ്‌ ഉണ്ടോ
- ഉണ്ട്, ഉറങ്ങുകയാണ്‌.

പാതി മയക്കത്തില്‍ സന്ദര്‍ശകന്‍ എന്റെ പേരു പറയുന്നത് കെട്ട് ഞാന്‍ ഉണര്‍ന്നു തലപൊക്കി നോക്കിയപ്പോള്‍ "സന്ദീപ്", ഞാന്‍ എഴുന്നേറ്റു വാതില്‍ക്കല്‍ ചെന്നു. കത്രിക കണ്ടിട്ട് നാളു കുറെ ആയ നീളന്‍ മുടി, ചുണ്ടില്‍ പുകയുന്ന സിഗരറ്റ് , ഒരു 10-12 കിലോ തൂക്കം കുറഞ്ഞ ശരീരം, കുഴിഞ്ഞ കണ്ണുകള്‍ കണ്ടാല്‍ അറിയാം നല്ലത് പോലെ ഉറങ്ങിയിട്ട് നാളുകള്‍ ആയി എന്ന്. അവനെ ഞാന്‍ അകത്തേക്ക് വിളിച്ചു, സിഗരറ്റ് കുത്തികെടുത്തി അവന്‍ കയറി വന്നു.

-സന്ദീപ് നിനക്ക് എന്ത് പറ്റി, ഞാന്‍ ചോദിച്ചു.
മൗനത്തെ കൂട്ട് പിടിച്ചിരിക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും ചോദിച്ചു
-നിനക്കു എന്ത് പറ്റി, നീ സിഗരറ്റ് വലിയും തുടങ്ങിയോ, എന്താ ഇതിന്റെ ഒക്കെ അര്‍ത്ഥം, പറയെടാ.
-മച്ചു, ജീവിതം ഒന്നേ ഉള്ളു എന്ന് പറയുന്നത് ശരി ആണോ.
-ആയിരിക്കാം, ഞാന്‍ പറഞ്ഞു.
-എങ്കില്‍ ഞാന്‍ ആ ജീവിതം നശിപ്പിച്ചു.
എനിക്ക് ഒന്നും മനസിലായില്ല..
-നീ തെളിച്ചു പറ, ഞാന്‍ പറഞ്ഞു.
-പോയി മച്ചു, അവള്‍ എന്നെ വിട്ടു പോയി. അവളെ അവളുടെ വീട്ടുകാര്‍ കൊണ്ടു പോയി, ഇനി അവള്‍ വരില്ല, വരില്ല...അവന്‍റെ തൊണ്ട ഇടറി. നടന്നത് എല്ലാം അവന്‍ എന്നോട് വിശദീകരിച്ചു.

സന്ദീപിന്റെ മൊബൈലില്‍ വേറെ ഒരു പെണ്‍കുട്ടിയുടെ SMS അവള്‍ കണ്ടു, അതില്‍ നിന്നാണ് തുടക്കം. അവനു വേറെ ഒരു പെണ്‍കുട്ടിയുമായി ബന്ധം ഉണ്ട് എന്ന് അവള്‍ തെറ്റിധരിച്ചു, അവന്‍റെ വാദമുഖങ്ങള്‍ക്ക് അവള്‍ ഒരു വിലയും കല്‍പ്പിച്ചില്ല. സന്ദീപ് ആ പെണ്‍കുട്ടി‌മായി വന്നു നേരിട്ടു സത്യം തുറന്നു പറഞ്ഞെങ്കിലും, അതിനെ വെറും നാടകം ആയി അവള്‍ കണ്ടു. ഇ അവസരം പരമാവധി അവളുടെ വീട്ടുകാര്‍ പ്രയോജനപെടുത്തി, അവളെ അമേരിക്കക്ക് കൊണ്ടു പോയി, "ബ്രെയിന്‍ വാഷ്" എന്ന വിദ്യ അവര്‍ വളരെ സമര്‍ഥമായി അവളില്‍ പ്രയോഗിച്ചു. അമേരിക്കയില്‍ എത്തി ഒരു ആഴ്ചക്ക് ശേഷം അവള്‍ വീണ്ടും സന്ദീപിനെ ഫോണ്‍ ചെയ്തു, ആ ഒരു ഫോണ്‍ സംഭാഷണം ആണ് അവനെ തകര്‍ത്തു കളഞ്ഞത്:
"ഞങ്ങള്‍ അടുത്ത മാസം നാട്ടിലേക്ക് വരുന്നു, എനിക്ക് ഇ വിവാഹബന്ധം വേര്‍പെടുത്തണ്ണം, സന്ദീപ് ദയവായി സമ്മതിക്കണം", അവനു തിരിച്ചു ഒന്നു ഉരിയാടാന്‍ പോലും അവസരം കൊടുക്കാതെ അവള്‍ ഫോണ്‍ വെച്ചു.

ബാംഗളൂരില്‍ അവിവാഹിതര്‍ ആയ അനവധി യുവതിയുവാക്കള്‍ ദമ്പതികളെ പോലെ ഒരുമിച്ചു ജീവിക്കുന്നുണ്ട് എന്ന് ഞാന്‍ കേട്ടിടുണ്ട്, പക്ഷെ അതില്‍ നിന്നു എല്ലാം വത്യസ്തമായി വീട്ടുകാര്‍ അറിയാതെ വിവാഹിതര്‍ ആകുകയും, ഗര്‍ഭം ധരിക്കുകയും പിന്നെ അബോര്‍ഷന്‍ നടത്തുകയും ചെയ്ത ഇവര്‍ എന്നെ വല്ലാതെ അമ്പരപ്പിക്കുകയും അതില്‍ കൂടുതല്‍ ഭയപെടുത്തുകയും ചെയ്തിരുന്നു. വയറ്റില്‍ നാമ്പിട്ട ഒരു ജീവനെ പുല്ലു പോലെ വലിച്ചു എറിഞ്ഞ അവള്‍ ഇപ്പോള്‍ കാമുകനെയും വലിച്ചു എറിയുന്നു, അദ്ഭുതപെടാന്‍ ഇതില്‍ ഒന്നും ഇല്ല.

-മച്ചു, നാളെ അവള്‍ വരും, മറ്റന്നാള്‍ ഡൈവോഴ്സ് ആണ്, അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ മച്ചുവിനെ ഒന്നു കാണാന്‍ വന്നതാണ്‌, ഇനി ചിലപ്പോ നമ്മള്‍ തമ്മില്‍ കണ്ടു എന്ന് വരില്ല, അപ്പോള്‍ ഞാന്‍ വരട്ടെ. താങ്ക്സ് മച്ചു, എല്ലാത്തിനും.

നിറകണ്ണുകളുമായി അകലുന്ന സന്ദീപിനെ നോക്കി ഞാന്‍ മൗനിയായി നിന്നു.

അവന്‍റെ കണീരിനു ആരാണ് ഉത്തരവാദി,

അപക്ക്വമായ മനസിന്റെ തീരുമാനങ്ങള്‍ക്ക് അടിമപെട്ട അവന്‍ മാത്രമോ...അതോ, കാമുകി എന്നാല്‍ വഞ്ചന തന്നെ എന്ന് വീണ്ടും തെളിയിച്ച അവളോ...അതുമല്ലങ്കില്‍, ഭാവി വഴിമുട്ടിയപ്പോള്‍ ചഞ്ചലമായ പെണ്‍മനസിനെ ചൂഷണം ചെയ്ത മാതാപിതാക്കളോ...

നിങ്ങള്‍ തീരുമാനിക്കുക....

2 comments :

  1. smitha adharsh said...

    പ്രണയം..അല്ല...സന്ദീപിന്റെ കൂട്ടുകാരിയ്ക്ക് അത് വെറും "മണ്ണാങ്കട്ട" ആയിരുന്നല്ലേ..ഞാന്‍ ഇതു വായിച്ചു തല കറങ്ങി വീണേനെ..ഒരു അഞ്ചു കൊല്ലം മുന്‍പായിരുന്നെങ്കില്‍..ഇപ്പോള്‍,അറിയാം നമ്മുടെ നാട്ടില്‍ ഇതും ഇതിലപ്പുറവും നടക്കുന്നുണ്ടെന്ന്..രസകരമായ വിവരണം.

  2. ശ്രീ said...

    കുറ്റം പറയാനാണെങ്കില്‍ രണ്ടു പേരെയും കുറ്റപ്പെടുത്തണം. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം? സന്ദീപ് മണ്ടത്തരമൊന്നും കാട്ടാതെ ഇനിയെങ്കിലും പ്രാക്റ്റിക്കലായി ചിന്തിയ്ക്കാന്‍ ശ്രമിയ്ക്കട്ടെ. അതിന് ഒരു പക്ഷേ നിങ്ങള്‍ സുഹൃത്തുക്കള്‍ക്ക് സഹായിയ്ക്കാന്‍ കഴിഞ്ഞേക്കും.