Thursday, February 12, 2009

ആഗോള കല്യാണം മുടക്കി അഥവാ ആഗോള സാമ്പത്തികമാന്ദ്യം

രാത്രി, മേശമേല്‍ തണുത്തു നിറഞ്ഞിരിക്കുന്ന ഗ്ലാസില്‍ നിന്നു ഒരു പെഗ് അകത്താകി കൊണ്ടു സതീഷ് ഒരു പുഛ സ്വരത്തില്‍ പറഞ്ഞു, "വീ നീഡ് ചേഞ്ച്‌, ചേഞ്ച്‌ ക്യാന്‍ ഹാപ്പെന്‍".... ആരുടെ ചേഞ്ച്‌ന്റെ കാര്യമാണ് നീ ഈ പറയുന്നതു, പ്രവീണ്‍ ചോദിച്ചു. ബക്കാര്‍ഡിയില്‍ നിന്നും വാറ്റു ചാരായത്തിലേക്ക് നീങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന സംഗതി എന്താണ്...പിസയില്‍ നിന്നും പുട്ടും കടലയിലേക്കും നീങ്ങാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന സംഗതി എന്താണ്, അത് തന്നെ, സാമ്പത്തികമാന്ദ്യം. ചേഞ്ച്‌ പോലും ചേഞ്ച്‌, ഇതാണോ ചേഞ്ച്‌. ഒബാമയെ കൊണ്ടു പോയി വൈറ്റ് ഹൌസില്‍ ഇരുത്താന്‍ ഇന്ത്യക്കാര്‍ക്ക് എന്തൊരു ആവേശം ആയിരുന്നു, ഹനുമാന്‍ സേവ വരെ നടത്തി. അങ്ങേരു ജയിച്ചു, അയാളുടെ സാമ്പത്തികമാന്ദ്യവും മാറി. സ്പൂണില്‍ സ്വല്പം അച്ചാര്‍ എടുത്തു തൊട്ടു നാക്കില്‍ വച്ചു കൊണ്ടു സതീഷ് പറഞ്ഞു, പ്രവീണേ നിനക്കു ഒരു കാര്യം അറിയുമോ, കഴിഞ്ഞ രണ്ടു കൊല്ലമായി അച്ഛന്‍ എന്നെ കൊണ്ടു ഒന്നു കല്യാണം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു, അപ്പോഴൊക്കെ ഞാന്‍ വിവാഹത്തിനോട് തീരെ താല്പര്യമില്ലാത്ത രീതിയില്‍ വെയിറ്റ് ഇട്ടു നിന്നു, അടുത്ത കൊല്ലം ആകട്ടെ, അടുത്ത കൊല്ലം ആകട്ടെ എന്ന് പറഞ്ഞു. പണ്ടൊക്കെ കല്യാണ ബ്രോക്കര്‍മാര്‍ കാരണം വീടിനു വെളിയില്‍ ഇറങ്ങാന്‍ പറ്റില്ലായിരുന്നു, ഇപ്പോള്‍ എന്നെയോ എന്റെ അച്ഛനെയോ കാണുമ്പൊള്‍ തന്നെ അവര്‍ ജീവനും കൊണ്ടു രക്ഷപെടും. എല്ലാം ഇപ്പോള്‍ ഒന്നു ശരി ആയപ്പോള്‍ ദാ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ ജോലിയും പോയി, വാക്കുകള്‍ മുഴുമിപ്പികുന്നതിനു മുന്‍പ് തന്നെ അവന്‍ അടുത്ത ഒരു പെഗ് കൂടി അകത്താക്കി.

പെണ്ണിന്റെ ജോലി അല്ലെ പോയുള്ളൂ, നിന്റെ ജോലി പോയില്ലെലോ. ഒരു കുടുംബം നല്ല രീതിയില്‍ നടത്തി കൊണ്ടു പോകാന്‍ ഉള്ള ശമ്പളം നിനക്കു ഇല്ലേ, പിന്നെ എന്തിന് നീ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നു, പ്രവീണ്‍ ചോദിച്ചു. ഇങ്ങനെ ടെന്‍ഷന്‍ ആകുന്നതിന്റെ കാരണം നിനക്കു അറിയണോ, സതീഷ് പറഞ്ഞു.

രണ്ടു ആഴ്ച മുന്‍പ് ഒരു ടീം മീറ്റിങ്ങ് വിളിച്ചു അളിയാ. പത്തു പേരു ഉള്ള ഞങ്ങളുടെ ടീമില്‍ നിന്നു ആറ് പേരെ മാത്രമാണ് മീടിന്ങിനു വിളിച്ചത്. മീറ്റിങ്ങ് എന്ന് കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സു ഒന്നു കാളി, വീട്ടില്‍ ഞാന്‍ ചുമ്മാതെ ഇരുന്നു ഈച്ചയെ ഓടിക്കുന്ന ഒരു കളര്‍ ചിത്രം ആരോ എന്റെ മനസ്സില്‍ കൊണ്ടു ഇട്ടു തന്നു അപ്പോള്‍ . ഞാന്‍ സീറ്റില്‍ നിന്നു മീടിന്ങിനു പോകാന്‍ ആയി എഴുന്നേറ്റു, അപ്പോള്‍ എന്റെ എതിര്‍വശത്ത്‌ ഇരിക്കുന്ന മീറ്റിങ്ങ് എന്ന ടൈറ്റാനിക് കപ്പലിലേക്ക് ക്ഷണിക്കപ്പെടാത്ത നാല് പേരില്‍ ഒരാള്‍ എന്നെ നോക്കി ഒരു പുഞ്ചിരി "നിന്റെ ഒക്കെ കട്ടയും പടവും മടങ്ങിയട" എന്ന് ഉള്ള രീതിയില്‍ . തൂക്കി കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ പോലും അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് പ്രതിയോട് ചോദിക്കും, ഇവിടെ അത് പോലും ഇല്ല, ഞാന്‍ ചിന്തിച്ചു. "ടേക്ക് യുവര്‍ സീറ്റ് പ്ലീസ്", ചിരിച്ച മുഖത്തോടെ HR സുന്ദരി പറഞ്ഞു. "ഓ, ഞാന്‍ ഇവിടെ നിന്നോളാം. ഇരിക്കാന്‍ ഒട്ടും സമയം ഇല്ല കൊച്ചെ, വീട്ടില്‍ ചെന്നിട്ടു നാട്ടിലേക്ക് എല്ലാം പായ്ക്ക് ചെയ്യാന്‍ ഉള്ളതാ" ഞാന്‍ സ്വയം പറഞ്ഞു.

റിയാലിറ്റി ഷോയുടെ എലിമിനേഷന്‍ റൗണ്ട്‌ തുടങ്ങി. പല തവണ കണ്ടിട്ടുണ്ടെങ്കിലും അന്ന് ആദ്യമായി ഒരു വല്ല്യ സംഭവത്തിനെ ഞാന്‍ വളരെ അടുത്ത് കണ്ടു, കമ്പനിയുടെ ചീഫ് എലിമിനേഷന്‍ ഓഫീസര്‍ (CEO). സോഫ്റ്റ്‌വെയര്‍ ഇഞ്ചിനിയ്ഴ്സ് എന്ന പാവപ്പെട്ട തൊഴിലാളി വര്‍ഗത്തിനെ ഒരു ദയയും ഇല്ലാതെ പിരിച്ചു വിടുന്ന ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഒരു നിയമവും ഇല്ലേ ഈ നാട്ടില്‍ , പാവം രാമലിംഗ രാജു, ഞാന്‍ ചിന്തിച്ചു. കമ്പനിയുടെ ക്ലൈന്റ്സിനെ കുറിച്ചും, കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും പിന്നെ ഞങ്ങളുടെ ജോലിയെ കുറിച്ചും ഒക്കെ പറഞ്ഞു കൊണ്ടു ആയിരുന്നു തുടക്കം. പിരിച്ചുവിടല്‍ ഭീതി കാരണം ആരും അതില്‍ ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് മനസിലായി. എല്ലാവരുടെയും മനസ്സില്‍ അവരവര്‍ക്ക് കിട്ടാന്‍ പോകുന്ന പിരിച്ചുവിടല്‍ കത്തിനെ കുറിച്ചുള്ള ഭയം ആയിരുന്നു തിങ്ങി നിന്നിരുന്നത്.

അപ്പോഴാണ് ഞങ്ങളെ എല്ലാവരെയും അദ്ഭുതപെടുത്തി കൊണ്ടുള്ള അറിയിപ്പ് ഉണ്ടായത്. "ദ ഗയ്സ് ഹൂ ആര്‍ ഹിയര്‍ നവ് ഇന്‍ ദിസ് കോണ്‍ഫറന്‍സ് റൂം വില്‍ റിമെയിന്‍ ഇന്‍ ദ കമ്പനി ആന്‍ഡ് ദ റെസ്റ്റ് വില്‍ നൊട്ട് ബി". അതായതു മീറ്റിംഗില്‍ ഉള്ളവര്‍ മാത്രം ഇനി ഞങ്ങളുടെ ടീമില്‍ കാണും, വെളിയില്‍ ഉള്ളവര്‍ക്ക് എല്ലാം വിസ കൊടുത്തു വിടാന്‍ പോകുന്നു എന്ന് ചുരുക്കം. മീറ്റിംഗ്‌ കഴിഞ്ഞു ദീര്‍ഖശ്വാസം വിട്ടു വെളിയില്‍ ഇറങ്ങിയ ഞാന്‍ കണ്ടത് എന്നെ ചിരിച്ചു കൊണ്ടു യാത്രയാക്കിയവന്‍ ഷര്‍ട്ടിന്റെ മുകളിലെ രണ്ടു ബട്ടന്‍സും ഊരി, കാലും നീട്ടി, കയ്യ് രണ്ടും കീഴ്പോട്ടും തൂക്കി ഇട്ടു കസേരയില്‍ മലന്നു കിടക്കുന്നു, ഏകദേശം രണ്ടു ബോട്ടില്‍ വെള്ളം കുടിച്ച ലക്ഷണവും ഉണ്ട്. ഈ മാന്ദ്യം ഇങ്ങനെ പോയാല്‍ എന്റെ നിലയും ഒട്ടും താമസിയാതെ അവനെ പോലെ ആകും, പിന്നെ എങ്ങനെ ഞാന്‍ ടെന്‍ഷന്‍ അടിക്കാതെ ഇരിക്കുമെടാ, സതീഷ് പ്രവീണിനോട് ചോദിച്ചു. ഓഫീസില്‍ ഞാന്‍ ഇപ്പോള്‍ പാത്തും പതുങ്ങിയും ആണ് ഇരിക്കുന്നത്, HR എങ്ങാന്നും കണ്ടിട്ട് "നീ ഇതു വരെ പോയില്ലേ" എന്ന് ചോദിച്ചാല്‍ തീര്‍ന്നില്ലേ. പിന്നെ ജോലി പോയാലും കേരളം എന്ന ഒരു സംസ്ഥാനം ഉള്ളത് കൊണ്ടു പെണ്‍വാണിഭം നടത്തിയോ, വാറ്റു ചാരായം വിറ്റോ ഞാന്‍ ജീവിക്കും, പ്രവീണ്‍ പറഞ്ഞു. അത് ശരിയാ, ഇപ്പൊ ഹര്‍ത്താല്‍ നടത്തി കൊടുക്കാന്‍ വരെ ടെണ്ടര്‍ വിളിക്കുന്നുണ്ട് എന്നാണ് കേട്ടത്, ആ മേഖലയിലും ഒന്നു കയ്യ് കടത്തി നോക്കാം, സതീഷ് പറഞ്ഞു.

ഒരു ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം സുഹൃത്തുക്കള്‍ തമ്മില്‍ വീണ്ടും കണ്ടു മുട്ടി. നീ ജോലി രാജിവെയ്ക്കാന്‍ തുടങ്ങി എന്ന് ഞാന്‍ കേട്ടല്ലോ, ഉള്ള പണി ഈ സമയത്തു ആരെങ്കിലും കളയുമോടാ, എന്താ കാര്യം, പ്രവീണ്‍ തിരക്കി. ജോലി ഉണ്ടങ്കില്‍ മാത്രമേ പെണ്ണ് കിട്ടുകയുള്ളൂ എന്നല്ലേ എല്ലാവരുടെയും പൊതുവായ ധാരണ, നല്ല ജോലി ഉണ്ടായിട്ടും പെണ്ണ് കിട്ടിലെങ്കിലോ. സോഫ്റ്റ്‌വെയര്‍ ഇഞ്ചിനിയ്ഴ്സ് തമ്മില്‍ ചേരില്ല എന്ന് പെണ്ണിന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞ ആഴ്ച സ്വന്തം മോളുടെ അനുഭവത്തില്‍ നിന്നു മനസ്സിലായി. വല്ല പലചരക്ക് കടക്കാരനോ, തെങ്ങ് കയറ്റകാരനോ ആണെങ്കില്‍ ജോലി ഇല്ലാതെ രണ്ടു പേര്‍ക്കും വീട്ടില്‍ ഇരിക്കേണ്ടി വരില്ലല്ലോ. അങ്ങനെ ആ കല്യാണവും മുടങ്ങി.....

Monday, January 19, 2009

വിടരും മുന്‍പേ...

"Truth is stranger than fiction". ഇതിന്റെ ശരിയായ അര്‍ഥം എന്തെന്ന് എനിക്ക് അറിയില്ലായിരുന്നു ഈ ഒരു സംഭവത്തിനു മുന്‍പ്പ് വരെ. കെട്ട്കഥ തന്നെ എന്ന് ഞാന്‍ എന്‍റെ മനസിനെ ഇപ്പോഴും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംഭവം. "മഹേഷ്‌ ", ഞാന്‍ അവനെ പരിചയപ്പെട്ടത് എന്റെ വളരെ അടുത്ത കൂടുകാരന്‍ ആയ ചന്തു വഴി ആയിരുന്നു. ഞങ്ങളുടെ കോളേജിന്റെ വളരെ അടുത്ത് താമസിക്കുന്നവര്‍ ആയിരുന്നു മഹേഷും ചന്തുവും, നല്ല സുഹൃത്തുക്കള്‍ . പ്രാരാബ്ധം നിറഞ്ഞ ഒരു കുടുംബത്തിലെ മൂത്ത സന്തതി ആണ് മഹേഷ്‌. കുടുംബത്തെ ഒരു കരക്കടുപ്പിക്കാന്‍ വേണ്ടി കടല്‍ കടന്നു, ദുബായില്‍ നല്ല നിലയില്‍ ഒരു ജോലിയും ലഭിച്ചു, പ്രാരാബ്ധങ്ങളില്‍ നിന്നു അവന്‍റെ കുടുംബം പതിയെ കരകയറാനും തുടങ്ങി.

വിശ്രമവേളകള്‍ ആനന്ദകരം ആക്കാന്‍ മഹേഷ്‌ കൂട്ട് പിടിച്ചത് ഇന്റര്‍നെറ്റിനെ ആയിരുന്നു, പ്രത്യേകിച്ച് ചാറ്റിങ്. അവധി ദിവസമായ വെള്ളിയാഴ്ചകളില്‍ ദിവസത്തിന്റെ പകുതി സമയവും ചാറ്റിങ്ങില്‍ തന്നെ ചിലവഴിക്കുമായിരുന്നു. അവന്റെ ചാറ്റ് ലിസ്റ്റില്‍ അവന് പുതിയ ഒരു സുഹൃത്തിനെ കൂടി ലഭിച്ചു, എന്തും പങ്കുവയ്ക്കാനും, തുറന്നു പറയാനും ഒരു നല്ല സുഹൃത്ത് . പക്ഷെ ഈ സുഹൃത്ത് ആണോ അതോ പെണ്ണോ എന്ന് മാത്രം അവന് അറിയില്ല, ആ സുഹൃത്ത് പറഞ്ഞില്ല, അവന്‍ നിര്‍ബന്ധിച്ചുമില്ല. അങ്ങനെ ദിവസങ്ങള്‍ മാസങ്ങള്‍ ആയി, അവരുടെ സുഹൃത്ത് ബന്ധം വളര്‍ന്നു, പരസ്പരവിശ്വാസവും. മാസങ്ങള്‍ കഴിയുംതോറും സുഹൃത്ത് ആണോ പെണ്ണോ എന്ന് അറിയാനുള്ള അവന്‍റെ ആകാംഷയും ഒപ്പം വളര്‍ന്നു

മഹേഷ്‌ സുഹൃത്തിനോട് ചോദിച്ചു, "നിനക്ക് എന്നെ കുറിച്ചു എല്ലാം അറിയാം, പക്ഷെ എനിക്ക് ഇപ്പോഴും നിന്നെ കുറിച്ചു അറിയാത്തത് നിന്റെ ഐഡന്റിറ്റി ആണ്, ദയവായി ഇനി എങ്കിലും പറയു".
"ശരി, ഇനിയും ഞാന്‍ നിന്നെ മുള്ള്മുനയില്‍ നിര്‍ത്തുനില്ല. ഞാന്‍ പറയില്ല, നീ കണ്ടോളൂ", സുഹൃത്ത് പറഞ്ഞു.

സുഹൃത്തിന്‍റെ webcam കാണാന്‍ ഉള്ള റിക്വസ്റ്റ് അവന്‍ സ്വീകരിച്ചു, മോണിറ്ററില്‍ ചിത്രം തെളിയുന്നതും നോക്കി അവന്‍ നഖം കടിച്ചു തുപ്പി കൊണ്ടേയിരുന്നു. അവന്‍ നോക്കിയിരിക്കെ മോണിറ്ററില്‍ തെളിഞ്ഞ ചിത്രം അവനെ പോലും അമ്പരപ്പിച്ചു.

കവികളുടെ വര്‍ണനകള്‍ക്കും അപ്പുറം വരുന്ന ഒരു സുന്ദരി ശില്‍പം ക്യാമറയിലൂടെ അവനെ
നോക്കി പുഞ്ചിരിക്കുന്നു, കാമദേവന്‍ പോലും വീണുപോകുന്ന പുഞ്ചിരി!!!.

എന്‍റെ പേരു അശ്വതി, വീട് പാലക്കാട്, MBAക്ക് പഠിക്കുന്നു. മഹേഷ്‌, ഇ ആറു മാസം കൊണ്ടു
ഞാന്‍ നിന്നെ ശരിക്കും മനസിലാക്കി, തമ്മില്‍ ഇതുവരെ കണ്ടിട്ടിലെങ്കില്‍ പോലും. ഇപ്പോള്‍
നിന്നെ ഒരു ദിവസം ചാറ്റില്‍ കണ്ടിലെങ്കില്‍ എനിക്ക് ആ ദിവസം ഉറങ്ങാന്‍ കഴിയില്ല. മഹേഷ്‌,
അതെ.... എനിക്ക് തന്നെ അറിയില്ല....എപ്പോഴോ ഞാന്‍ നിന്നെ ഇഷ്ടപ്പെട്ടു പോയി...ഐ...ഐആം ഇന്‍ ലവ് വിത്ത് യു‌. തന്‍റെ സ്വപങ്ങളില്‍ പോലും കടന്നു എത്താത്ത ഒരു സുന്ദരി തന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സ്വാഭാവികമായും അവന്‍ സന്തോഷിച്ചു. കോളേജ് ജീവിതത്തിലും പെണ്‍കുട്ടികള്‍ അവനോടു പ്രേമഅഭ്യര്‍ഥന നടത്തിയിട്ടുണ്ട്. പക്ഷെ അതൊക്കെ അവന്‍ അന്ന് സ്നേഹത്തോടെ നിരസിക്കുകയും ചെയ്തിട്ടുണ്ട് , ജീവിതസാഹചര്യം പ്രേമിക്കാന്‍ അനുവദിച്ചില്ല. ഇപ്പോള്‍ ജീവിത ചുറ്റുപാടിന് കുറച്ചു മാറ്റം വന്നെങ്കിലും എന്തോ അവനെ പിറകോട്ടു വലിക്കുന്നു, അത് അവളുടെ ജീവിതചുറ്റുപാട് ആണ്. ഇതു വരെ ബസിലോ,
എന്തിന് ട്രെയിനില്‍ പോലും കയറിയിട്ടുണ്ടോ എന്ന് സംശയം. കാര്‍ അല്ലെങ്കില്‍ ഫ്ലൈറ്റ്, ഇ രണ്ടു
വാഹനങ്ങളെ കുറിച്ചു മാത്രമേ അവള്‍ക്ക് അറിയൂ. കുടുംബത്തിലെ ഏകസന്താനം, എല്ലാവരുടെയും ഓമന. അവള്‍ ശാഠൃം പിടിച്ചാല്‍ എന്തും വീട്ടുകാര്‍ നടത്തി കൊടുക്കും, അവരുടെ കല്യാണം പോലും. ഇതൊക്കെ ആണ് അവനെ ഇതില്‍ നിന്നു പിറകോട്ടു വലിക്കുന്നത്.

പക്ഷെ അവളുടെ സ്നേഹത്തിനു മുന്നില്‍ തല കുനിക്കാതെ അവന് നിവര്‍ത്തി ഇല്ലായിരുന്നു . അവനും അശ്വതിയെ അഗാധമായി സ്നേഹിച്ചു തുടങ്ങി. അങ്ങനെ പതുക്കെ അവന്‍ ചാറ്റിങ് നിര്‍ത്തി, എല്ലാം പിന്നെ ഫോണ്‍ ആയി, അകലാന്‍ പറ്റാത്ത രീതിയില്‍ കൂടുതല്‍ അടുത്തു. അടുക്കള വേലക്കാര്‍ക്ക് മാത്രം എന്ന് കരുതിയിരുന്നവള്‍ അടുക്കളയില്‍ കയറാന്‍ തുടങ്ങി, ആകെ ഉള്ള ഒരു ഏട്ടന്റെ മുകളില്‍ പാചകപരീക്ഷണങ്ങളും ആരംഭിച്ചു. അവളുടെ വീട്ടില്‍ ഈ ബന്ധത്തിനെ കുറിച്ചു അറിയാവുന്ന ഒരേ ഒരാള്‍ അവളുടെ ഏട്ടന്‍ മാത്രം ആയിരുന്നു.

-ഞാന്‍ പത്താം തീയതി നാട്ടില്‍ എത്തും, ഞാന്‍ എന്‍റെ അച്ഛനെയും അമ്മയെയും കൂട്ടി നിന്‍റെ വീട്ടില്‍ വരാം പെണ്ണ് ചോദിയ്ക്കാന്‍, മഹേഷ്‌ അവളോട്‌ പറഞ്ഞു.
-സത്യമാണോ മഹേഷ്‌, ഇത്ര പെട്ടന്ന് നിനക്ക് ലീവ് ശരി ആയോ, നീ എന്നെ പറ്റിക്കാന്‍ പറയുവല്ലേ.
-അല്ലടാ, നിനക്കു ഒരു സര്‍പ്രൈസ് തരാന്‍ വേണ്ടി ആണ് ഞാന്‍ ഇപ്പൊ പറഞ്ഞതു, ലീവ് ഒരു
മാസം മുന്‍പ് തന്നെ ശരി ആയി.
-പത്താം തീയതിക്ക് ഇനിയും 2 ദിവസം കൂടി, എനിക്ക് കാത്തിരിക്കാന്‍ വയ്യ, അവള്‍ പറഞ്ഞു.
-അച്ചു, ഞാന്‍ ഇന്നലെ എന്‍റെ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്യ്തു, നിന്‍റെ ഫോട്ടോസ് എല്ലാം പോയി, ഒരു പുതിയ ഫോട്ടോ നീ എനിക്ക് അയച്ചു തരണം.
-ശരി, ഞാന്‍ ഇപ്പൊ തന്നെ അയക്കാം, ഒരു വത്യസ്തമായ പടം ആയിക്കോട്ടെ.

നാട്ടിലെത്തിയതിനു ശേഷം അവളുടെ വീട്ടിലെത്തി ചേരാനുള്ള വഴിയും സ്ഥലവും പറഞ്ഞു കൊടുക്കാം എന്ന് അശ്വതി മഹേഷിനോട് പറഞ്ഞു. മഹേഷ്‌ നാട്ടിലെത്തി അവന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ എല്ലാം അവതരിപ്പിച്ചു, അവന്റെ ഇഷ്ടത്തിന് അവര്‍ എതിര് നിന്നില്ല, അവന്റെ ഇഷ്ടം ആയിരുന്നു അവരുടെയും ഇഷ്ടം. അശ്വതിയുടെ ഒരു ഫോട്ടോ അമ്മയെ കാണിക്കണം, അപ്പോള്‍ അമ്മക്ക് അവളെ കൂടുതല്‍ ഇഷ്ടമാവും, അവന്‍ ചിന്തിച്ചു. അതിനായി അവന്‍റെ മെയില് ബോക്സ് തുറന്നപ്പോള്‍ അവള്‍ അയച്ച പുതിയ പടം കണ്ടു അവന്‍ ഞെട്ടി. "അവള്‍ ഉറങ്ങി കിടക്കുന്ന ഒരു ഫോട്ടോ"!!, ഇതാണോ അവള്‍ പറഞ്ഞ വത്യസ്തമായ പടം. ഇതു എങ്ങനെ അമ്മയെ കാണിക്കും. അച്ചു, നിന്നെ എന്റെ കയ്യില്‍ കിട്ടട്ടെ ശരി ആക്കി തരാം ഞാന്‍ , ഒരു ചെറുപുഞ്ചിരിയോടെ അവന്‍ മനസ്സില്‍ പറഞ്ഞു.

മൊബൈല്‍ അടിക്കുന്നത് കേട്ടാണ് അടുത്ത ദിവസം രാവിലെ മഹേഷ്‌ ഉണര്‍ന്നത്. മഹേഷ്‌ ടൈംപീസില്‍ നോക്കി, സമയം 6:30 യെ ആയിട്ടുള്ളൂ, "ഇതു ആരാണ് ഈ വെളുപ്പാന്‍ കാലത്തു"
-മഹി, ഇതു അച്ചുവാ.
-എന്താ അച്ചു ഇത്ര രാവിലെ, ഞാന്‍ വന്നതിനു ശേഷം നിനക്കു ഉറക്കം നഷ്ട്ടപെട്ടോ.
-അതല്ലെടാ, ഞങ്ങള്‍ എല്ലാവരും കൂടി ഗുരുവായൂരിനു പോകുകയാണ്, ഇന്നു അമ്മയുടെ പിറന്നാള്‍
ആണ്.
-എടി പെണ്ണേ, നിന്റെ ഈ എടാ പോടാ വിളി പെട്ടന്ന് നിര്‍ത്തിക്കോണം, അല്ലെങ്കില്‍ ഞാന്‍ നിന്നെ കെട്ടില്ല.
-ഉം....ആലോചിക്കാം.
-പിന്നെ, എന്റെ വീട്ടില്‍ വരാനുള്ള വഴി നിനക്കു അറിയാമോ.
-ഇതു എന്ത് ചോദ്യം, നീ പറഞ്ഞു തരാം എന്ന് അല്ലെ പറഞ്ഞതു.
-ശരി, ഞാന്‍ നിന്നെ വന്നിട്ട് വിളിക്കാം, വിശദമായി പറഞ്ഞു തരാം, അച്ഛന്‍ വിളിക്കുന്നു, എന്നാല്‍
പോട്ടെ കുട്ടാ...ബൈ
-ബൈ.

അച്ചുവിന്‍റെ ഫോണിനായി മഹേഷ്‌ കാത്തിരിന്നു, പക്ഷെ വൈകുന്നേരം 6 മണി കഴിഞ്ഞിട്ടും അവള്‍
വിളിച്ചില്ല. ഫോണ്‍ താഴെ വെക്കാതെ അവന്‍ കൊണ്ടു നടന്നു, വിളിച്ചാല്‍ അവന്‍ അറിയാതെ
പോയങ്കിലോ എന്ന് കരുതി, പക്ഷെ അടുത്ത ദിവസം ആയിട്ട് കൂടി അവള്‍ വിളിച്ചില്ല, തിരിച്ചു
വിളിച്ചിട്ട് എടുക്കുന്നുമില്ല. ദിവസങ്ങള്‍ ഇപ്പോള്‍ 2 ആയി. അവന് അമര്‍ഷവും സങ്കടവും
തോന്നി. ഒരു ആശ്വാസത്തിനായി അവന്‍ ചന്തുവിന്റെ വീട്ടിലേക്ക് പോയി.

-ചന്തു, അവള്‍ ഇനിയും വിളിച്ചില്ലടാ.
-നീ പേടിക്കാതെ, അവള്‍ എന്തങ്കിലും തിരക്കില്‍ പെട്ട് കാണും, അവള്‍ വിളിക്കും. നീ വിഷമിക്കേണ്ട.
-കാശുള്ള വീട്ടിലെ ഒരു പെണ്‍കുട്ടിയുടെ നേരംപോക്ക് ആണോ ഇതും, ഞാന്‍ വല്ലാതെ ഭയപെടുന്നു
ചന്തു.
-ഛെ...നീ അങ്ങനെ ഒന്നും ചിന്തിക്കാതെ, അശ്വതി ആ രീതിയില്‍ ഉള്ള കുട്ടി ഒന്നും അല്ല, ചന്തു
അവനെ ആശ്വസിപ്പിച്ചു.

അവരുടെ സംഭാഷണത്തിനിടയില്‍ മഹേഷിന്റെ ഫോണ്‍ ശബ്ദിച്ചു. ഫോണില്‍ തെളിഞ്ഞ പേരു കണ്ട് അവന്‍റെ മുഖത്ത്‌ ആയിരം സൂര്യന്‍മാര്‍ ഒരുമിച്ചു ഉദിച്ചു, പക്ഷെ ദേഷ്യം ഭാവിച്ചു കൊണ്ടു തന്നെ
അവന്‍ പറഞ്ഞു , "ഹലോ ...ആരാ ...മനസിലായില്ലെലോ".

-ഹലോ മഹേഷ്‌ അല്ലെ, ഒരു പുരുഷ സ്വരം
-അതെ, ആരാ മനസിലായില്ല. ഇപ്പോഴാണ്‌ അവന് ശരിക്കും ഒന്നും മനസിലാകാഞ്ഞത്.
-ഞാന്‍ അശ്വതിയുടെ സഹോദരന്‍ ആണ്, ഒരു പതിഞ്ഞ സ്വരം.
-അച്ചു എവിടെ, അവന്‍ വളരെ ആകാംഷയോടെ തിരക്കി.
അല്‍പ്പസമയത്തേക്ക് മഹേഷ്‌ ഒന്നും സംസാരിച്ചില്ല. എന്തോ കണ്ടു പേടിച്ചത് പോലെ അവന്റെ
കണ്ണുകള്‍ വിടര്‍ന്നു. ചന്തു നോക്കി ഇരിക്കവേ മഹേഷ്‌ തളര്‍ന്നു കസേരയിലേക്ക് വീണു,
മൊബൈല്‍ കയ്യില്‍ നിന്നും ഊര്‍ന്നു താഴെ വീണു.
-മഹേഷ്‌, എന്തു പറ്റി നിനക്ക്...അച്ചു എന്തു പറഞ്ഞു, എന്തു പറ്റി അവള്‍ക്ക്, ചന്തു ചോദിച്ചു.
-പൊട്ടികരഞ്ഞു കൊണ്ടു മഹേഷ്‌ ചന്തുവിന്‍റെ തോളിലേക്ക് വീണു, "പോയടാ, അച്ചു പോയി. ഞാന്‍
അവളുടെ വീട്ടില്‍ ചെല്ലുന്നതിനു മുന്‍പേ എന്റെ അച്ചു എന്നെ വിട്ടു പോയി"

ഗുരുവായൂരില്‍ പോയി തിരിച്ചു വരുന്ന വഴിക്ക് ഉണ്ടായ കാര്‍ അപകടത്തില്‍ അശ്വതി കൊല്ലപ്പെട്ടു. അശ്വതി മഹിക്ക് അയച്ചു കൊടുത്ത പുതിയ ഫോട്ടോ ശരിക്കും അറം പറ്റി.
ഫോണിലൂടെയോ ചാറ്റിലൂടെയോ പോലും ബന്ധപ്പെടാന്‍ പറ്റാത്ത ദൂരത്തേക്കു മഹിയുടെ അച്ചു
യാത്രയായി.

കണ്ടറിഞ്ഞ സ്നേഹത്തിനേക്കാളും മാതുര്യം കാണാത്ത സ്നേഹബന്ധങ്ങള്‍ക്ക്‌ ആയിരിക്കും, അത്
കൊണ്ടാണെല്ലോ അവന്‍ ഇപ്പോഴും അവളുടെ ഓര്‍മ്മകളുമായി ജീവിക്കുന്നത്......